
തിരുവനന്തപുരം : വഴിയിൽ തടഞ്ഞുനിർത്തി അധിക്ഷേപിച്ച സംഭവത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. മുൻകൂട്ടി ക്ഷണിക്കപ്പെട്ട പരിപാടിയിൽ നിന്നാണ് താൻ പിന്മാറിയതെന്നും സംഘാടകന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് ബോധ്യപ്പെട്ടതിനാലാണ് ഈ തീരുമാനമെടുത്തതെന്നും വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കൗൺസിലറുടെ നിര്യാണത്തെ തുടർന്ന് വീട് സന്ദർശിച്ച് മടങ്ങുമ്പോഴാണ് സംഭവമുണ്ടായത്. തനിക്ക് വ്യക്തിപരമായി പരിചയമില്ലാത്ത ചേന്തി അനിൽ എന്നയാൾ വഴിയിൽ തടഞ്ഞുനിർത്തുകയും മോശമായി സംസാരിക്കുകയുമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിക്കെതിരെയുള്ള തടസ്സപ്പെടുത്തലിൽ ഡിസിസി അംഗമായ ചേന്തി അനിലിന്റെ അറസ്റ്റ് ശ്രീകാര്യം പൊലീസ് രേഖപ്പെടുത്തി. സ്വന്തം വീട്ടിൽ വെച്ചാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
തുടര്‍ന്ന് കൂടുതൽ ചോദ്യം ചെയ്യലിനായി കഴക്കൂട്ടം എസിപി ഓഫീസിലേക്ക് മാറ്റി. അതേസമയം തനിക്കെതിരെയുള്ള നടപടികളും നാടകീയ നീക്കങ്ങളും കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരിന്റെ ഭാഗമാണെന്നാണ് ചേന്തി അനിലിന്റെ പ്രതികരണം.