
കൊച്ചി : അവയവക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് ആറിടത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) വ്യാപക റെയ്ഡ്. കൊച്ചിയിലെ രണ്ട് സ്വകാര്യ ആശുപത്രികളിലും, കോട്ടയം, തിരുവനന്തപുരം ജില്ലകളിലെ ഓരോ ആശുപത്രികളിലുമാണ് പരിശോധന നടക്കുന്നത്.
അവയവക്കടത്തിലെ ഇടനിലക്കാരെന്ന് ആരോപിക്കപ്പെടുന്ന കൊല്ലം പുളിയത്തുമുക്ക് സ്വദേശികളായ ശ്രീജ, സുധീർ എന്നിവരുടെ വീടുകളിലും ഇഡി പരിശോധന നടത്തുന്നുണ്ട്. റെയ്ഡ് നടക്കുന്ന കേന്ദ്രങ്ങളിലെല്ലാം കേന്ദ്രസേനയുടെ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
കേസിൽ നേരത്തെ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും അവരുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ പരിശോധിച്ചതിൽ നിന്നുമാണ് സ്വകാര്യ ആശുപത്രികളിലേക്ക് അന്വേഷണം നീണ്ടത്. അവയവക്കടത്ത് കേസിലെ മുഖ്യസൂത്രധാരന്മാരിൽ ഒരാളായ നജീബിന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് വൻതോതിൽ പണം എത്തിയിട്ടുണ്ടെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്.
കൊച്ചിയിൽ റെയ്ഡ് നടന്ന ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയിൽ നിന്ന് നജീബിന്റെ വ്യക്തിഗത അക്കൗണ്ടിലേക്ക് കമ്മീഷൻ ഇനത്തിൽ വലിയ തുക കൈമാറിയതായി ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഈ സാമ്പത്തിക ഇടപാടുകളുടെ ഡിജിറ്റൽ രേഖകളും ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും പിടിച്ചെടുക്കാനാണ് നിലവിലെ പരിശോധന.
അവയവദാനത്തിന്റെ മറവിൽ സംസ്ഥാനത്ത് വൻ മാഫിയയാണ് പ്രവർത്തിക്കുന്നതെന്ന് നേരത്തെ തന്നെ പോലീസ് കണ്ടെത്തിയിരുന്നു. നജീബിനെ ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിന്നാണ് പോലീസ് പിടികൂടിയത്. മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അതീവ രഹസ്യമായ നീക്കത്തിനൊടുവിലായിരുന്നു അറസ്റ്റ്.
കഴിഞ്ഞ മൂന്ന് വർഷമായി വ്യാജരേഖകളുണ്ടാക്കി അന്താരാഷ്ട്ര തലത്തിൽ വരെ ലക്ഷങ്ങളുടെ അവയവക്കച്ചവടമാണ് നജീബിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിവന്നിരുന്നത്.