Banner Ads

പിഎസ്‌സി ബുള്ളറ്റിനിൽ ആകാശ് തില്ലങ്കേരിയുടെ ഫോട്ടോ; മുഖ്യമന്ത്രിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം : ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ ഫോട്ടോ പിഎസ്‌സി ബുള്ളറ്റിനിൽ അച്ചടിച്ചുവന്ന സംഭവത്തിൽ പരാതിയുമായി യൂത്ത് കോൺഗ്രസ്. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നേടിയ രാജേഷ് തില്ലങ്കേരിയെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയ ഭാഗത്താണ് ആകാശ് തില്ലങ്കേരിയുടെ ഫോട്ടോ വന്നത്.

സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വി മുഖ്യമന്ത്രിക്ക് പരാതി നൽകി. പിഎസ്‌സിയിലെ ഇടതുപക്ഷ അനുകൂലികളായ ഉദ്യോഗസ്ഥർ ദേശാഭിമാനി പ്രസിൽ വെച്ച് ബോധപൂർവ്വം ചെയ്തതാണോ ഇതെന്ന് സംശയിക്കുന്നതായും പരാതിയിൽ പറയുന്നു.

മെയ് 15ന് പുറത്തിറങ്ങിയ പിഎസ്‌സി ബുള്ളറ്റിനിലാണ് ഗുരുതരമായ പിഴവ് സംഭവിച്ചത്. അതേസമയം ബുള്ളറ്റിനിൽ ഗുരുതരമായ തെറ്റ് സംഭവിച്ചിട്ടുണ്ടെന്ന് പിഎസ്‌സി അധികൃതർ സമ്മതിച്ചു. എന്നാൽ ഈ വീഴ്ച എവിടെയാണ്, ആർക്കാണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് കൃത്യമായ വിശദീകരണം നൽകാൻ അധികൃതർ തയ്യാറായിട്ടില്ല.