
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യാജ രേഖകൾ ഉപയോഗിച്ച് അനധികൃതമായി വോട്ട് രേഖപ്പെടുത്തിയ 25 വിദേശ പൗരന്മാരെ പോലീസ് അറസ്റ്റ് ചെയ്തു. വോട്ട് രേഖപ്പെടുത്തിയ ശേഷം ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ചെന്നൈ, മധുര വിമാനത്താവളങ്ങളിൽ വെച്ചാണ് ഇവർ പിടിയിലായത്.വിമാനത്താവളങ്ങളിൽ ഇമിഗ്രേഷൻ വിഭാഗം പാസ്‌പോർട്ട് പരിശോധിക്കുന്നതിനിടെയാണ് യാത്രികരുടെ വിരലിലെ മായാത്ത മഷി ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്.
ഇതാണ് കേസിൽ നിർണ്ണായക വഴിത്തിരിവായത്. ഏപ്രിൽ 23-ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിദേശ പാസ്‌പോർട്ടുള്ള ഇവർ വോട്ട് രേഖപ്പെടുത്തിയതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ചെന്നൈ വിമാനത്താവളത്തിൽ നിന്ന് 15 പേരും മധുര വിമാനത്താവളത്തിൽ നിന്ന് രണ്ട് പേരും ഉൾപ്പെടെയാണ് പിടിയിലായത്.ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് വിദേശ പൗരത്വം സ്വീകരിച്ച തമിഴ്‌നാട്, പുതുച്ചേരി സ്വദേശികളാണ് പിടിയിലായവരിൽ ഭൂരിഭാഗവും. ഇവരിൽ ചിലർ ശ്രീലങ്കൻ പൗരന്മാരാണെന്നും സൂചനയുണ്ട്.
പിടിയിലായവരെ തുടർനടപടികൾക്കായി തമിഴ്‌നാട്, പുതുച്ചേരി ക്രൈംബ്രാഞ്ച് വിഭാഗങ്ങൾക്ക് കൈമാറി. ജനപ്രാതിനിധ്യ നിയമപ്രകാരവും മറ്റ് ക്രിമിനൽ വകുപ്പുകൾ പ്രകാരവും ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ പിടിയിലായവർ ജാമ്യത്തിലാണ്.തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടികയിൽ കർശനമായ പുനഃപരിശോധനകൾ നടത്തിയിട്ടും വിദേശ പൗരന്മാർക്ക് വോട്ട് ചെയ്യാൻ സാധിച്ചത് വലിയ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. വിദേശ പൗരത്വം നേടിയ ശേഷവും ഇവരുടെ പക്കൽ എങ്ങനെ ഇന്ത്യൻ തിരിച്ചറിയൽ രേഖകൾ (വോട്ടർ ഐഡി, ആധാർ തുടങ്ങിയവ) ലഭ്യമായി എന്നതിനെക്കുറിച്ച് കേന്ദ്ര ക്രൈംബ്രാഞ്ചും ഇമിഗ്രേഷൻ വിഭാഗവും സംയുക്തമായി വൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.