Banner Ads

ചെന്നൈ-കൊല്ലം എക്സ്പ്രസിൽ വൻ പണവേട്ട; രേഖകളില്ലാത്ത 18 ലക്ഷവുമായി തമിഴ്‌നാട് സ്വദേശി പുനലൂരിൽ പിടിയിൽ

കൊല്ലം: രേഖകളില്ലാതെ ട്രെയിൻ മാർഗ്ഗം കടത്താൻ ശ്രമിച്ച 18 ലക്ഷത്തിലധികം രൂപയുമായി തമിഴ്‌നാട് സ്വദേശി റെയിൽവേ പോലീസിന്റെ പിടിയിലായി. മധുര സ്വദേശി ഗോവിന്ദ രാജുവാണ് പുനലൂരിൽ വച്ച് അറസ്റ്റിലായത്. ചെന്നൈ എഗ്മോർ – കൊല്ലം എക്സ്‌പ്രസ് ട്രെയിനിലാണ് സംഭവം.തുണിസഞ്ചിയിൽ 500-ന്റെ കെട്ടുകൾ ഞായറാഴ്ച പുലർച്ചെ ചെന്നൈ എക്സ്‌പ്രസ് പുനലൂർ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവം.

പ്ലാറ്റ്‌ഫോമിലിറങ്ങിയ ഗോവിന്ദ രാജുവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ റെയിൽവേ പോലീസ് ഇയാളെ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. തുടർന്ന് ഇയാൾ കൈവശം വച്ചിരുന്ന തുണിസഞ്ചിയിൽ നിന്ന് രേഖകളില്ലാത്ത 18,62,500 രൂപ കണ്ടെടുത്തു. 500 രൂപയുടെ നോട്ടുകെട്ടുകളാക്കിയാണ് പണം സഞ്ചിയിൽ ഒളിപ്പിച്ചിരുന്നത്.റെയിൽവേ എസ്.പി.യുടെ പ്രത്യേക നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.

പിടിച്ചെടുത്ത പണത്തിന്റെ യഥാർത്ഥ ഉറവിടം എവിടെ നിന്നാണെന്നും ഇത് ആർക്ക് കൈമാറാൻ കൊണ്ടുവന്നതാണെന്നും കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ട്രെയിനുകളിലെ പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്ന് റെയിൽവേ പോലീസ് അറിയിച്ചു.ചെന്നൈ – കൊല്ലം റൂട്ടിൽ കുഴൽപ്പണ വേട്ട പതിവാകുകയാണ്. കഴിഞ്ഞ മാസവും ഇതേ ചെന്നൈ എഗ്മോർ ട്രെയിനിൽ നിന്ന് രേഖകളില്ലാതെ കടത്തിയ 25 ലക്ഷം രൂപയുമായി ഒരു പുത്തൂർ സ്വദേശിയെ പോലീസ് പിടികൂടിയിരുന്നു.