Banner Ads

ഹൂതി ആക്രമണം രൂക്ഷം: സൗദിയിലേക്കുള്ള വിമാന സർവീസുകൾ ഒക്ടോബർ 20 വരെ റദ്ദാക്കി; മരണസംഖ്യ 13 ആയി

ദില്ലി : ഹൂതി വിമതരുടെ ആക്രമണം കടുക്കുന്ന സാഹചര്യത്തിൽ സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും ഒക്ടോബർ 20 വരെ നിർത്തിവെച്ചതായി എയർ ഇന്ത്യ അറിയിച്ചു. റിയാദ്, ദമ്മാം, ജിദ്ദ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്.

സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സുരക്ഷിതമായ സാഹചര്യം വിലയിരുത്തി സർവീസുകൾ പുനരാരംഭിക്കുമെന്നും എയർ ഇന്ത്യ എക്സിലൂടെ വ്യക്തമാക്കി. സർവീസുകൾ റദ്ദാക്കിയ സാഹചര്യത്തിൽ യാത്രക്കാർക്ക് മുഴുവൻ തുകയും റീഫണ്ട് നൽകും.

എയർ ഇന്ത്യയ്ക്ക് പുറമെ ഇൻഡിഗോ, ആകാശ എയർ എന്നീ കമ്പനികളും സൗദിയിലേക്കുള്ള സർവീസുകൾ നിർത്തിവെച്ചിട്ടുണ്ട്. ഇൻഡിഗോ റിയാദ്, ജിദ്ദ, ദമ്മാം, മദീന സർവീസുകളും ആകാശ എയർ റിയാദ്, ജിദ്ദ സർവീസുകളുമാണ് റദ്ദാക്കിയത്.

അതിനിടെ ഒക്ടോബർ 10ന് റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ ഒരു ഇന്ത്യൻ പൗരൻ കൂടി മരിച്ചതോടെ മരണസംഖ്യ 13 ആയി. മക്കയും മദീനയും ഒഴികെയുള്ള സൗദി വ്യോമാതിർത്തി സുരക്ഷിതമല്ലെന്നും സൗദിയിലെ വിമാനത്താവളങ്ങൾ ഒഴിവാക്കണമെന്നും ഹൂതികൾ മുന്നറിയിപ്പ് നൽകി.