
പിറവം: ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ കടന്നൽക്കൂട്ടത്തിന്റെ ആക്രമണത്തിനിരയായ വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു. എറണാകുളം മണീട് ഏഴക്കരനാട് കുഴിക്കാട്ടിൽ ശാന്ത കുമാരൻ (60) ആണ് മരിച്ചത്.ശനിയാഴ്ച ഉച്ചയോടെ രാമമംഗലം കിഴുമുറി ഉള്ളലിക്കുന്ന് ഭാഗത്തുവച്ചായിരുന്നു സംഭവം. സമീപത്തെ വീട്ടിൽ ജോലിക്കുപോയി മടങ്ങുകയായിരുന്ന ശാന്തയെ കൂട്ടത്തോടെ എത്തിയ കടന്നലുകൾ ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ശാന്തയെ ഉടൻ തന്നെ രാമമംഗലം സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നില വഷളായതിനെ തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ശനിയാഴ്ച രാത്രി വൈകിയോടെ മരണം സംഭവിക്കുകയായിരുന്നു.