Banner Ads

ആശുപത്രികൾ നിറയുന്നു; ഡെങ്കിപ്പനിക്കൊപ്പം ഷിഗെല്ലയും എലിപ്പനിയും, അതീവ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ വർധനവ്. ഇന്നലെ മാത്രം 146 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പനി ബാധിച്ച് ആയിരക്കണക്കിന് ആളുകളാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടുന്നത്. ജൂൺ മാസത്തിൽ മാത്രം 1862 പേർക്കാണ് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത്.

ഡെങ്കിപ്പനിക്ക് പുറമേ എലിപ്പനി, ഷിഗെല്ല, മഞ്ഞപ്പിത്തം തുടങ്ങിയ പകർച്ചവ്യാധികളും പടരുന്നതായി ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്നലെ ഏഴ് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.

കൊതുക് വളരാൻ സാധ്യതയുള്ള കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിക്കളയുക. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. ഭക്ഷണ ശുചിത്വം പാലിക്കുക. പനി ബാധിച്ചാൽ സ്വയംചികിത്സ ഒഴിവാക്കി തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ പരിശോധന തേടുക.