
ദില്ലി : രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടർ വിലയിലും വിമാന ഇന്ധന വിലയിലും വർധനവ്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 9.50 രൂപയാണ് കൂട്ടിയത്. കഴിഞ്ഞ മാസം 197.50 രൂപ കുറച്ചതിന് പിന്നാലെയാണ് പുതിയ മാസത്തിൽ ഈ വർധനവ്.
അതേസമയം, ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. 19 കിലോ വാണിജ്യ സിലിണ്ടറിന്റെ നിലവിലെ നിരക്ക് 2783.50 രൂപയായി ഉയർന്നു. ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില ഉയർന്നതിനെ തുടർന്ന് രാജ്യത്ത് വിമാന ഇന്ധന വില പൊതുമേഖലാ എണ്ണക്കമ്പനികൾ 5.46 ശതമാനം വർധിപ്പിച്ചു.
ഇതോടെ എവിയേഷൻ ടർബൈൻ ഫ്യൂവലിന്റെ വില ലിറ്ററിന് 6.28 രൂപ വർധിച്ച് 121.28 രൂപയായി. തുടർച്ചയായ രണ്ടാം മാസമാണ് വിമാന ഇന്ധനവില കൂട്ടുന്നത്. ഇന്ധനവില വർധിച്ച സാഹചര്യത്തിൽ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്കുകളിൽ മാറ്റം വരുത്തിയേക്കും.
യാത്രക്കാരുടെ എണ്ണം, സീറ്റ് ലഭ്യത, വിമാനക്കമ്പനികൾ തമ്മിലുള്ള മത്സരം എന്നിവ അടിസ്ഥാനമാക്കിയാകും നിരക്ക് വർധനവ്. കൂടുതൽ ആവശ്യക്കാരുള്ള പ്രധാന റൂട്ടുകളിൽ യാത്രാച്ചിലവ് ഉയരാൻ സാധ്യതയേറെയാണ്.