
ചേർത്തല: കാർത്ത്യായനീ ദേവീക്ഷേത്രത്തിലെ അശ്ലീല പൂരപ്പാട്ട് നിരോധിച്ച് ഹൈക്കോടതി. 11 നാണ് പ്രസിദ്ധമായ ചേർത്തല പൂരം നടക്കുന്നത്. വായ്ത്താരിയിൽ മാറ്റമില്ലാത്ത ഭക്തി കലർന്ന പാട്ടുകളാകും ഇപ്രാവശ്യം പൂരത്തിനു കേൾക്കുക. പൂരത്തോടനുബന്ധിച്ച് അശ്ലീലപദങ്ങൾ നിറഞ്ഞ പാട്ടുകളാണ് ഇതുവരെ പാടി വന്നിരുന്നത്. ആചാരമെന്ന പേരിൽ അശ്ലീലപ്പാട്ട് അതിരുകടക്കുന്നത് വലിയ പ്രശ്നമായിരുന്നു.
മദ്യപസംഘങ്ങളും സമൂഹവിരുദ്ധരുമെല്ലാം അശ്ലീലപ്പാട്ടുകളുമായി എത്തുന്നത് ഭക്തർക്കും പ്രശ്നം സൃഷ്ടിച്ചിരുന്നു. ഇതുകാരണം സ്ത്രീകളും കുട്ടികളും പൂരോത്സവത്തിനു വരാതെയുമായി.ഇതോടെയാണ് മാത്രോപദേശകസമിതി സെക്രട്ടറി ഇ.കെ. സിനിൽകുമാർ ഹൈക്കോടതിയെ സമീപിച്ചത്. തുടർന്നാണ് അശ്ലീലപ്പാട്ടും ആഭാസനൃത്തവും നിരോധിച്ച് കോടതി ഉത്തരവിട്ടത്. ലംഘിക്കുന്നവർക്കെതിരേ ശക്തമായനടപടിയെടുക്കാൻ പോലീസിനു നിർദേശമുണ്ട്. വായ്ത്താരിയിൽ മാറ്റമില്ലാത്ത ഭക്തികലർന്ന പൂരപ്പാട്ട് ക്ഷേത്രോപദേശക സമിതി പുറത്തിറക്കിയിട്ടുണ്ട്.