Banner Ads

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് ഇന്ന് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും നാളെയും വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇന്ന് കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമേ ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും നിലവിലുണ്ട്. നാളെ ഏഴ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 21 മുതൽ സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുമെന്നാണ് കാലാവസ്ഥാ പ്രവചനം.

കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇതിനോടകം തന്നെ മഴ ശക്തമായിട്ടുണ്ട്. ജില്ലയിലെ പന്തലായനിയിൽ ഇന്ന് രാവിലെ എട്ട് മണിയോടെയുണ്ടായ ശക്തമായ ഇടിമിന്നലിൽ വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തു. പന്തലായനി സ്വദേശി നാഗരാജന്റെ വീടിനാണ് മിന്നലേറ്റത്. അപകടത്തിൽ ആളപായമൊന്നുമില്ലെങ്കിലും വീടിന്റെ തറയ്ക്കും ഭിത്തികൾക്കും വിള്ളലുകൾ രൂപപ്പെടുകയും വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ പൂർണ്ണമായും നശിക്കുകയും ചെയ്തു.