
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ചൂട് കഠിനമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ മാസം 24 വരെ ഉയർന്ന താപനില തുടരാനാണ് സാധ്യത. പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ താപനില റെക്കോർഡ് നിലയിലേക്ക് ഉയർന്നേക്കാം.സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പ്രതീക്ഷിക്കുന്ന ഉയർന്ന താപനില ,പാലക്കാട്: 40°C വരെ ഉയരാൻ സാധ്യത.
കൊല്ലം: 39°C വരെ.
കോട്ടയം: 38°C വരെ.
ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്: 37°C വരെ.
തിരുവനന്തപുരം: 36°C വരെ.
സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.കടുത്ത ചൂടിനിടയിലും സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിക്കുന്നത് നേരിയ ആശ്വാസമാകുന്നുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചിരുന്നു.
വരുന്ന വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട വേനൽമഴ തുടരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഉച്ചയ്ക്ക് 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.നിർജ്ജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കുക.ഇടിമിന്നൽ സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കുക.