
തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് റിയാദിലേക്കും ബഹ്റൈനിലേക്കും പുതിയ വിമാന സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ഒക്ടോബർ 27 മുതൽ ആരംഭിക്കുന്ന പുതിയ സർവീസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. തുടക്കത്തിൽ ആഴ്ചയിൽ മൂന്ന് ദിവസങ്ങളിലായിരിക്കും (ചൊവ്വ, വ്യാഴം, ശനി) റിയാദ് സർവീസ് നടക്കുക.
ദമ്മാമിലേക്ക് നിലവിലുള്ള പ്രതിദിന സർവീസിന് പുറമെയാണിത്. റിയാദിലേക്ക് നേരിട്ടുള്ള പുതിയ സർവീസ് ആരംഭിക്കുന്നത് സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന തെക്കൻ കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രവാസികൾക്ക് യാത്രാസമയവും ചെലവും കുറയ്ക്കാൻ ഏറെ പ്രയോജനപ്പെടും. ബഹ്റൈനിലേക്കുള്ള പുതിയ സർവീസ് വ്യാഴം, ശനി ദിവസങ്ങളിലാണ് ക്രമീകരിച്ചിരിക്കുന്നത്.
നിലവിൽ ഗൾഫ് എയർ ഈ റൂട്ടിൽ പ്രതിദിനം സർവീസ് നടത്തുന്നുണ്ട്. എയർ ഇന്ത്യ എക്സ്പ്രസിന്റെ വരവോടെ തിരുവനന്തപുരം-ബഹ്റൈൻ റൂട്ടിൽ യാത്രക്കാർക്ക് കൂടുതൽ സമയക്രമങ്ങളും ആകർഷകമായ നിരക്കുകളും ലഭ്യമാകുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.