
തിരുവനന്തപുരം : ബാർ ലൈസൻസുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നിലപാടുമായി സർക്കാർ. ലൈസൻസ് നൽകുന്നതിൽ സാമൂഹ്യ ആഘാതം പ്രധാന മാനദണ്ഡമായി പരിശോധിക്കണമെന്ന സർക്കാരിന്റെ നയം ഹൈക്കോടതി അംഗീകരിച്ചതായി എക്സൈസ് മന്ത്രി എം ലിജു വ്യക്തമാക്കി. മാർച്ച് 30 വരെ കോടതി ഇതിന് അനുമതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് ഡെപ്യൂട്ടി കമ്മീഷണർക്ക് ലൈസൻസ് പുതുക്കി നൽകാൻ അനുമതി നൽകിയത്. മുകൾത്തട്ടിൽ അറിയാത്ത രീതിയിലുള്ള ഒരു സിസ്റ്റമാണ് എൽഡിഎഫ് സർക്കാർ ഉണ്ടാക്കി വെച്ചിരുന്നതെന്നും അത് തിരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
12 വർഷമായി ബിയർ-വൈൻ പാർലറായി പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിന് അപേക്ഷ നൽകി 24 മണിക്കൂറിനുള്ളിൽ ബാർ ലൈസൻസ് നൽകിയതിൽ പ്രാഥമിക വീഴ്ച സംഭവിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് തേടിയിട്ടുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്.
കേസിൽ വിജിലൻസ് അന്വേഷണം അടക്കമുള്ള സാധ്യതകൾ പരിശോധിക്കും. വിരമിച്ച ഉദ്യോഗസ്ഥർ പോലും ലൈസൻസിനായി ഇറങ്ങിത്തിരിക്കുകയാണ്. ഇത്തരം ഉദ്യോഗസ്ഥർ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. വിരമിച്ചവരുടെ സ്വത്തുവിവരങ്ങളും അന്വേഷണ പരിധിയിൽ വരും. സ്റ്റാർ ലൈസൻസ് കിട്ടിയ ഉടൻ ബാർ ലൈസൻസ് നൽകുന്ന രീതി ശരിയല്ല.
കഴിഞ്ഞ സർക്കാരിന്റെ തുടർച്ചയല്ല ഈ സർക്കാരെന്നും തനിക്ക് ഇതിൽ വ്യക്തിപരമായ അസംതൃപ്തികളില്ലെന്നും മന്ത്രി വ്യക്തമാക്കി. സർക്കാർ നയം അട്ടിമറിക്കാൻ ആരെയും അനുവദിക്കില്ലെന്നും ശക്തമായ തീരുമാനങ്ങളാണ് കൈക്കൊള്ളുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.