
സുൽത്താൻ ബത്തേരി : വിൽപനയ്ക്കായി മൈസൂരിൽ നിന്ന് കടത്തിക്കൊണ്ടുവന്ന ലഹരിവസ്തുക്കളുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബത്തേരി പുത്തൻകുന്ന് മാക്കുറ്റി പെലക്കുടി വീട്ടിൽ എബി ഏലീയാസി (35) നെയാണ് ബത്തേരി എസ്ഐ നൗഫൽ സിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
വയനാട് ജില്ലാ പൊലീസ് മേധാവി എസ് ദേവ മനോഹറിന്റെ മേൽനോട്ടത്തിൽ നർക്കോട്ടിക് സെൽ ആൻഡ് ജെൻഡർ ജസ്റ്റിസ് ഡിവൈഎസ്പി മനോഹരൻ തച്ചമ്പത്തിന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പൊലീസും നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്. മാക്കുറ്റി പാലത്തിന് സമീപം വെച്ചായിരുന്നു പരിശോധന.
പ്രതിയുടെ പക്കൽ നിന്ന് 1.080 കിലോഗ്രാം കഞ്ചാവും ലഹരിവസ്തുക്കൾ തൂക്കാൻ ഉപയോഗിച്ചിരുന്ന ഡിജിറ്റൽ ഇലക്ട്രോണിക് ത്രാസും, ചെറു പൊതികളാക്കി വിൽപന നടത്തുന്നതിനായി കരുതിയിരുന്ന പ്ലാസ്റ്റിക് കവറുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.