Banner Ads

മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്: യുവാവിനെ ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട് : മുക്കുപണ്ടം പണയം വെച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് പണം തട്ടിയ കേസിൽ ഒരാളെ ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഫറോക്ക് പെരുമുഖം കള്ളിക്കൂടം സ്വദേശി മണ്ണാങ്കണ്ടി വീട്ടിൽ അബ്ദുൾ ഖാദറിനെയാണ് (48) പൊലീസ് പിടികൂടിയത്. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം.

ഫറോക്ക് സ്വദേശി ചിത്തരഞ്ജൻ്റെ ഉടമസ്ഥതയിൽ മണ്ണൂർ വളവിൽ പ്രവർത്തിക്കുന്ന സൗഭാഗ്യ ഫിനാൻസിയേഴ്‌സ് എന്ന സ്ഥാപനത്തിലാണ് തട്ടിപ്പ് നടന്നത്. 24 ഗ്രാം തൂക്കം വരുന്ന മൂന്ന് വളകൾ മൂന്ന് മാസ കാലാവധിയിലേക്ക് പണയം വെച്ച് പ്രതി 1,71,000 രൂപ കൈപ്പറ്റിയിരുന്നു. കാലാവധി കഴിഞ്ഞിട്ടും ആഭരണങ്ങൾ തിരിച്ചെടുക്കാൻ വരാതിരുന്നതിനെ തുടർന്ന് ഉടമ നടത്തിയ പരിശോധനയിലാണ് പണയം വെച്ച വളകൾ മുക്കുപണ്ടമാണെന്ന് വ്യക്തമായത്.

തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഫറോക്ക് എസ്ഐ മിഥുൻ്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ അബ്ദുൾ ഖാദറിനെ റിമാൻഡ് ചെയ്തു.