
കോട്ടയം : സൗത്ത് സുഡാനിൽ നിന്നെത്തിയ 52 വയസ്സുകാരിയായ വിദേശവനിതയ്ക്ക് എബോള രോഗബാധയെന്ന് സംശയം. ഇന്നലെ പാലായിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പനിയെ തുടർന്ന് ഇവർ ചികിത്സ തേടിയിരുന്നു. പനിയിൽ നേരിയ വ്യത്യാസമുണ്ട്. എബോള രോഗത്തിന്റെ മറ്റ് ലക്ഷണങ്ങളൊന്നും ഇവർക്കില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
എങ്കിലും സംശയങ്ങളെ തുടർന്ന് ആരോഗ്യ വകുപ്പ് ഇടപെട്ട് ഇവരെ മെഡിക്കൽ കോളജ് ആശുപ്രതിയിലേക്കു മാറ്റുകയായിരുന്നു. നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രത്യേക ഐസലേഷൻ വാർഡിലേക്ക് മാറ്റിയിരിക്കുകയാണ്. രോഗിയെ നിരീക്ഷിക്കാൻ പ്രത്യേക മെഡിക്കൽ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
രോഗിയിൽ നിന്ന് ശേഖരിച്ച സാംപിളുകൾ തിരുവനന്തപുരത്തെ ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഫലം പുറത്തുവന്നാൽ മാത്രമേ എബോള രോഗബാധയുണ്ടോ എന്ന് സ്ഥിരീകരിക്കാനാകൂ. ഫലം ലഭിച്ച ശേഷം തുടർചികിത്സയും പ്രതിരോധ നടപടികളും തീരുമാനിക്കുന്നതിനായി പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.