Banner Ads

തിരുവനന്തപുരം കടയ്ക്കാവൂരിൽ ഭക്ഷ്യവിഷബാധ; ഷവായി കഴിച്ച പത്തോളം പേർ ആശുപത്രിയിൽ, ലൈസൻസില്ലാത്ത കട ആരോഗ്യവിഭാഗം പൂട്ടിപ്പിച്ചു

തിരുവനന്തപുരം: കടയ്ക്കാവൂരിൽ വീണ്ടും ഭക്ഷ്യവിഷബാധ. കടയ്ക്കാവൂർ തെക്കുംഭാഗത്ത് പ്രവർത്തിക്കുന്ന ‘വി മാർട്ട്’ എന്ന സ്ഥാപനത്തിൽ നിന്നും കഴിഞ്ഞ ദിവസം ഷവായി കഴിച്ച നിരവധി പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട പത്തോളം പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.ഷവായി കഴിച്ചവർക്ക് കടുത്ത ശ്വാസംമുട്ടൽ, ഛർദി, വയറിളക്കം എന്നിവ അനുഭവപ്പെടുകയായിരുന്നു.

സംഭവം വിവാദമായതോടെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കട അടിയന്തരമായി പൂട്ടിപ്പിച്ചു.ലൈസൻസില്ലാതെ വ്യാജ വിൽപന ഭക്ഷ്യവിഷബാധയുണ്ടായ ‘വി മാർട്ട്’ എന്ന സ്ഥാപനത്തിന് ഗ്രാമപഞ്ചായത്തിന്റെയോ ആരോഗ്യ വിഭാഗത്തിന്റെയോ യാതൊരുവിധ ലൈസൻസുകളും ഇല്ലായിരുന്നു എന്നാണ് പ്രാഥമിക വിവരം.

ലൈസൻസ് ഇല്ലാതെയും വൃത്തിഹീനമായ സാഹചര്യത്തിലും പ്രവർത്തിക്കുന്ന കടകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ.