Banner Ads

പട്ടാമ്പിയിൽ യുഡിഎഫിന്റെ തോൽവിക്ക് പിന്നാലെ നേതൃത്വത്തിൽ പൊട്ടിത്തെറി; ചെയർമാനും കൺവീനറും രാജി നൽകി.

പാലക്കാട്: പട്ടാമ്പിയിൽ യുഡിഎഫിന്റെ തോൽവിക്ക് പിന്നാലെയാണ് നേതൃയോഗം ചേർന്നത്. സംസ്ഥാനം മുഴുവൻ യുഡിഎഫ് തരംഗം ഉണ്ടായിട്ടും പട്ടാമ്പിയിൽ ഉണ്ടായ തോൽവി വലിയ തിരിച്ചടിയായെന്ന് യോഗം വിലയിരുത്തി. തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ടാണ് യുഡിഎഫ് ചെയർമാൻ കെ പി വാപ്പുട്ടിയും കൺവീനർ ജിതേഷ് മൊഴിക്കുന്നവും രാജി നൽകിയത്. വിവിധ കാരണങ്ങൾ തോൽവിക്ക് കാരണമായതായി യോഗത്തിൽ അഭിപ്രായങ്ങൾ ഉയർന്നു.

പ്രധാനമായും റിയാസ് മുക്കോളി വിഷയം ചർച്ചയായി. കഴിഞ്ഞ തവണ മത്സരിച്ച റിയാസ് മുകളിൽ ഇത്തവണ സീറ്റ് നിഷേധിച്ചതിനാൽ റിയാസ് മുക്കോളിയെ പിന്തുണയ്ക്കുന്നവർക്ക് യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കി പ്രവർത്തിച്ചതായി യോഗത്തിൽ ആരോപണം ഉയർന്നു. ഇതിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ ഭാഗമായി എന്നും കുറ്റപ്പെടുത്തൽ ഉണ്ടായി. സ്ഥാനാർഥി പ്രഖ്യാപനം വൈകിയതിനാൽ പ്രചരണത്തിന്റെ സമയക്കുറവും ആഴ്ചകളോളം നീണ്ട പട്ടാമ്പി നഗരത്തിലെ കുടിവെള്ള പ്രശ്നവും തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി.

പട്ടാമ്പിയിൽ പലസ്ഥലങ്ങളിലും യുഡിഎഫിന് വിചാരിച്ച മുന്നേറ്റം നടത്താൻ കഴിഞ്ഞില്ല. യുഡിഎഫ് കോട്ടയായ തിരുവേഗപ്പുറയിലും യുഡിഎഫ് ഭരണം കയ്യാളുന്ന പട്ടാമ്പി നഗരസഭ പരിധിയിലും യുഡിഎഫിന്റെ വോട്ട് ഗണ്യമായി കുറഞ്ഞതും നേതൃത്വത്തിൽ അഭിപ്രായവ്യത്യാസങ്ങൾക്ക് ഇടയാക്കി. മുസ്ലിംലീഗിന്റെ സ്വാധീന മേഖലകളിൽ വ്യാപകമായി വോട്ട് ചോർച്ച ഉണ്ടായെന്നും ലീഗ് മണ്ഡലം നേതാക്കൾക്ക് ഉൾപ്പെടെ ഇതിൽ പങ്കുണ്ടെന്ന് വിമർശനം ഉയർന്നു.

തദ്ദേശ തിരഞ്ഞെടുപ്പിൽ പതിറ്റാണ്ടുകൾ ഇടതുപക്ഷം അടക്കി വാണിരുന്ന മുതുതല, വിളയൂർ പഞ്ചായത്തുകളും ഇടതുപക്ഷ ഭരണം ഉണ്ടായിരുന്ന കുലുക്കല്ലൂർ വല്ലപ്പുഴ പഞ്ചായത്തുകളും യുഡിഎഫ് വലിയ ഭൂരിപക്ഷത്തിൽ പിടിച്ചെടുത്തിട്ടും ആ ഒരു മുന്നേറ്റം നിയമസഭ തെരഞ്ഞെടുപ്പിൽ നടത്താൻ കഴിഞ്ഞില്ലെന്നാണ് വിലയിരുത്തൽ.