
മലപ്പുറം:കേരളത്തെ നടുക്കിയ വാൽപ്പാറ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ഒൻപത് പേരുടെയും ഭൗതികശരീരങ്ങൾ ജന്മനാട്ടിലെത്തിച്ചു. പൊള്ളാച്ചിയിൽ നിന്ന് പുറപ്പെട്ട ആംബുലൻസ് സംഘം ഇന്ന് രാവിലെ 9.15-ഓടെ പെരിന്തൽമണ്ണ പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെത്തി. വിങ്ങുന്ന ഹൃദയത്തോടെ പ്രിയപ്പെട്ടവർക്ക് അന്ത്യോപചാരമർപ്പിക്കാൻ വിദ്യാർത്ഥികളും സഹപ്രവർത്തകരും നാട്ടുകാരുമടക്കം ആയിരങ്ങളാണ് സ്കൂൾ മൈതാനത്തേക്ക് ഒഴുകിയെത്തുന്നത്.
സ്കൂളിൽ പൊതുദർശനം; ഉച്ചയോടെ സംസ്കാരംപുലർച്ചെ നാല് മണിയോടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി പോലീസ് അകമ്പടിയോടെയാണ് മൃതദേഹങ്ങൾ പെരിന്തൽമണ്ണയിലെത്തിച്ചത്. സ്കൂളിലെ പൊതുദർശനത്തിന് ശേഷം ഭൗതികശരീരങ്ങൾ വീടുകളിലേക്ക് കൊണ്ടുപോകും. എല്ലാവരുടെയും സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് മുൻപായി പൂർത്തിയാകും. മന്ത്രി വി. ശിവൻകുട്ടി, പി.കെ. കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയ പ്രമുഖർ സ്കൂളിലെത്തി അന്തിമോപചാരമർപ്പിച്ചു.
അപകടത്തിൽ ഏഴ് സ്ത്രീകളും ഒരു കുട്ടിയുമടക്കം ഒൻപത് പേർക്കാണ് ജീവൻ നഷ്ടമായത്. വാഹനത്തിലുണ്ടായിരുന്ന 13 പേരിൽ നാല് പേർക്ക് പരിക്കേറ്റു.മരിച്ച സാജിതയുടെ മകൻ ഷഹദീൻ, ഡ്രൈവർ മുഹമ്മദ് ഹാഫിസ്, സ്കൂളിലെ ഡ്രൈവർ നൗഷാദ് എന്നിവർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.11 വയസുകാരി മസ്നീനെ പരിക്കുകളോടെ നാട്ടിലെത്തിച്ച് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മുഹമ്മദ് ഫായിസ്, നൗഷാദ് അലി എന്നിവർ ഇപ്പോഴും നിരീക്ഷണത്തിലാണ്. ഇതിനിടെ സഹദിൻ മുഹമ്മദിന്റെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതിനാൽ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്.