
ആലപ്പുഴ : കേരളത്തിലെ പ്രധാന നാഗരാജ ക്ഷേത്രങ്ങളിലൊന്നായ മണ്ണാറശാല ശ്രീനാഗരാജാ ക്ഷേത്രത്തിലെ ആയില്യം എഴുന്നള്ളത്ത് ഇന്ന് നടക്കും. ഉച്ചയ്ക്ക് ഒരു മണിക്കാണ് എഴുന്നള്ളത്ത് ചടങ്ങുകൾ നടക്കുക. ക്ഷേത്രത്തിലെ വലിയമ്മ സാവിത്രി അന്തർജ്ജനത്തിന്റെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ.
ആയില്യം ഉത്സവത്തിൽ പങ്കുചേരാനും ദർശനം നടത്താനുമായി പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് ഓരോ വർഷവും മണ്ണാറശാലയിലേക്ക് എത്തുന്നത്. ആയില്യത്തിന് മുന്നോടിയായി ഇന്നലെ നടന്ന മകം തൊഴീൽ ചടങ്ങുകളിലും വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.
മണ്ണാറശാല ആയില്യവും പരുമല പള്ളി പെരുന്നാളും പ്രമാണിച്ച് ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് (തിങ്കൾ) അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ലെന്ന് അധികൃതർ അറിയിച്ചു.