Banner Ads

കുടുംബവഴക്ക്: ഒമ്പതുവയസ്സുകാരിയെ മാതാവ് കിണറ്റിലെറിഞ്ഞു; കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

മലപ്പുറം: കുടുംബവഴക്കിനെത്തുടർന്ന് മാനസിക വെല്ലുവിളി നേരിടുന്ന മാതാവ് ഒമ്പത് വയസ്സുകാരിയായ മകളെ കിണറ്റിലെറിഞ്ഞു. നിലമ്പൂർ ചുങ്കത്തറ കൈപ്പിനി കവല പാർട്ടിക്കുന്നിലാണ് സംഭവം. 35 റിങ്ങുകളോളം ആഴമുള്ള കിണറ്റിൽ വീണിട്ടും കുട്ടി പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.ഭർത്താവുമായുണ്ടായ കടുത്ത തർക്കത്തിനൊടുവിലാണ് മാതാവ് കുട്ടിയെ കിണറ്റിലേക്ക് തള്ളിയിട്ടത്.

കിണറ്റിലെ മീനുകളെ കാണിച്ചുതരാമെന്ന് പറഞ്ഞ് കുട്ടിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുവന്ന ശേഷമായിരുന്നു ഈ ക്രൂരതയെന്ന് അയൽവാസികൾ പറഞ്ഞു.സംഭവം നേരിട്ടു കണ്ട അയൽവാസികൾ ഒട്ടും സമയം കളയാതെ കിണറ്റിലേക്ക് കോണി ഇറക്കിക്കൊടുത്തു. കുട്ടി ഈ കോണിയിൽ പിടിച്ച് കിടന്നു. തൊട്ടുപിന്നാലെ ബന്ധുവായ ഒരാൾ കിണറ്റിലിറങ്ങി കുട്ടിയെ ചേർത്തുപിടിക്കുകയും മോട്ടോർ പൈപ്പിൽ താങ്ങിനിർത്തുകയും ചെയ്തു.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് നിലമ്പൂരിൽ നിന്ന് അഗ്നിരക്ഷാസേന ഉടൻ തന്നെ സ്ഥലത്തെത്തി.

ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ തക്കസമയത്തെ ഇടപെടലിലൂടെ കുട്ടിയെയും കിണറ്റിലിറങ്ങിയ ബന്ധുവിനെയും സുരക്ഷിതമായി പുറത്തെടുത്തു.നാട്ടുകാരും ബന്ധുക്കളും ചേർന്ന് കുട്ടിയെ ഉടൻ തന്നെ നിലമ്പൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനകൾക്ക് ശേഷം വൈകിട്ടോടെ കുട്ടിയെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.അറസ്റ്റും നിയമനടപടികളും: കുട്ടിയുടെ അമ്മയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നതായി പോലീസ് സ്ഥിരീകരിച്ചു.

സംഭവസ്ഥലത്തെത്തിയ പോത്തുകല്ല് പോലീസ് കൊലപാതകശ്രമത്തിന് കേസെടുത്ത് അമ്മയെ അറസ്റ്റ് ചെയ്തു.റിമാൻഡ് ഇവരെ നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ ശേഷം കോഴിക്കോട് ജയിലിലേക്ക് റിമാൻഡ് ചെയ്തു. നിലവിൽ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.