Banner Ads

സിഎംആർഎൽ പണമിടപാടിൽ വ്യാജ ആരോപണം: ബന്ധുവിനും ചാനലിനുമെതിരെ നിയമനടപടിയുമായി ഇ പി ജയരാജൻ

കണ്ണൂർ : വൈദേകം ആയുർവേദ റിസോർട്ടുമായി ബന്ധപ്പെട്ട് ഉയർന്ന സാമ്പത്തിക ആരോപണങ്ങളിൽ നിയമനടപടിയുമായി ഇ പി ജയരാജൻ. സഹോദരിയുടെ മകൻ ഇ പി ശ്യാംജിത്തിനും വാർത്ത സംപ്രേഷണം ചെയ്ത ചാനലിനും എതിരെ ഇ പി ജയരാജൻ വക്കീൽ നോട്ടീസ് അയച്ചു. ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണം.

അല്ലാത്തപക്ഷം ഇരുവിഭാഗവും 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും വക്കീൽ നോട്ടീസിൽ പറയുന്നു. സിഎംആർഎൽ എംഡിയായിരുന്ന ശശിധരൻ കർത്തയുടെ പണമാണ് ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിര വൈദേകത്തിൽ നിക്ഷേപിച്ചതെന്നായിരുന്നു ശ്യാംജിത്തിന്റെ ആരോപണം.

സഹകരണ ബാങ്കിൽനിന്ന് വിരമിച്ച ഒരാൾക്ക് ഇത്രയും വലിയ തുക ലഭിക്കില്ലെന്നും ഇതാണോ നിക്ഷേപിച്ചതെന്നും ഇയാൾ ചോദ്യം ചെയ്തിരുന്നു. ശ്യാംജിത്തിന്റെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് വൈദേകം മാനേജ്‌മെന്റ് വ്യക്തമാക്കി.

സാമ്പത്തിക തട്ടിപ്പ് നടത്തിയതിനെ തുടർന്ന് ശ്യാംജിത്തിന്റെ ഭാര്യ ദീപയെ വൈദേകത്തിൽ നിന്ന് പുറത്താക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് വ്യാജ ആരോപണങ്ങൾക്ക് പിന്നിലെന്ന് മാനേജ്‌മെന്റ് ചൂണ്ടിക്കാട്ടി.