
തിരുവനന്തപുരം: പെട്രോളിലെ എഥനോൾ മിശ്രിതത്തിന്റെ അളവ് സ്ഥിരീകരിക്കുന്നതിനായി സംസ്ഥാന സർക്കാർ ആരംഭിച്ച പരിശോധന ഒറ്റത്തവണയിൽ അവസാനിപ്പിക്കില്ല. വരും ദിവസങ്ങളിലും തുടർപരിശോധനകൾ ശക്തമായി നടത്താൻ സർക്കാർ നിർദേശം നൽകി. പരിശോധനാ നടപടികളുടെ സുതാര്യത ഉറപ്പാക്കാൻ ഓയിൽ കമ്പനികളുടെ പ്രതിനിധികളോടും പങ്കെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
സാമ്പിളുകൾ ശേഖരിക്കുന്നതിനായി പെസോ (PESO) അംഗീകൃത പ്രത്യേക ബോട്ടിലുകൾ എത്തിച്ചിട്ടുണ്ട്.കർണാടകത്തിൽ വിൽക്കുന്ന പെട്രോളിൽ 26 മുതൽ 31 ശതമാനം വരെ എഥനോൾ അടങ്ങിയിട്ടുണ്ടെന്ന അവിടുത്തെ സംസ്ഥാന സർക്കാരിന്റെ കണ്ടെത്തലിന് പിന്നാലെയാണ് കേരളത്തിലും പരിശോധന നടത്താൻ തീരുമാനിച്ചത്. പൊതുവിതരണ ഉപഭോക്തൃകാര്യ മന്ത്രി അനൂപ് ജേക്കബിന്റെ നിർദേശപ്രകാരം പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷന്റെ നേതൃത്വത്തിലാണ് നടപടികൾ. നാല് ജില്ലകളിലെ അഞ്ച് പമ്പുകളിൽ നിന്ന് ഇതിനോടകം സാമ്പിളുകൾ ശേഖരിച്ചു.
പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെയാണ് പരിശോധനയ്ക്കായി നിയോഗിച്ചിരിക്കുന്നത്.അതിനിടെ, ഉയർന്നുവന്ന ഇ20 (E20) പെട്രോൾ വിവാദം കേന്ദ്ര സർക്കാർ ഗൗരവമായി വിലയിരുത്തുകയാണ്. വിഷയം ചർച്ച ചെയ്യുന്നതിനായി കേന്ദ്ര പെട്രോളിയം മന്ത്രാലയം ഉന്നതതല യോഗം ചേരും. കോൺഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരിനെതിരെ നടത്തുന്ന പ്രചാരണങ്ങളെ ചെറുക്കാനാണ് കേന്ദ്ര നീക്കം. നിലവിലെ പരിശോധനകളും ആരോപണങ്ങളും കേന്ദ്ര സർക്കാരിനെതിരായ രാഷ്ട്രീയ സമരത്തിന് കാരണം കണ്ടെത്താനുള്ള ശ്രമമാണെന്നാണ് കേന്ദ്രതലത്തിലെ ഉന്നത വൃത്തങ്ങൾ ആരോപിക്കുന്നത്.
അനുവദനീയമായ 20 ശതമാനത്തേക്കാൾ കൂടുതൽ എഥനോൾ പെട്രോളിൽ കലർത്തുന്നുണ്ടെന്ന് കർണാടക സർക്കാർ കഴിഞ്ഞ ദിവസമാണ് പരിശോധനാ ഫലം പുറത്തുവിട്ട് വെളിപ്പെടുത്തിയത്. സംസ്ഥാനത്തെ 80 ശതമാനം പമ്പുകളിലും ഉയർന്ന അളവിൽ എഥനോൾ അടങ്ങിയ പെട്രോളാണ് വിൽക്കുന്നതെന്നായിരുന്നു കർണാടക സർക്കാരിന്റെ പ്രസ്താവന. എന്നാൽ ഈ പരിശോധനാ ഫലവും ആരോപണങ്ങളും തള്ളി എണ്ണക്കമ്പനികളും കേന്ദ്ര പെട്രോളിയം മന്ത്രാലയവും രംഗത്തെത്തിയിട്ടുണ്ട്.