Banner Ads

ചിറ്റാനപ്പാറയിൽ കാണാതായ അഞ്ചുവയസ്സുകാരനെ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി ഈരാറ്റുപേട്ട പോലീസ്

കോട്ടയം: ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ പരിധിയിലെ ചിറ്റാനപ്പാറയിൽനിന്ന് കാണാതായ അഞ്ചുവയസ്സുകാരനെ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി പോലീസ്. കൂരോപ്പട സ്വദേശി ഹരിയുടെ മകൻ അയാനെയാണ് പോലീസ് സംഘം സുരക്ഷിതമായി കണ്ടെത്തിയത്. അമ്മയുടെ തറവാട്ടു വീട്ടിലെ ഉത്സവത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു കുട്ടി.കുട്ടിയെ കാണാനില്ലെന്ന വിവരം ലഭിച്ച ഉടൻ തന്നെ ഈരാറ്റുപേട്ട പോലീസ് സമയോചിതമായി ഇടപെടുകയായിരുന്നു.

സമീപത്തെ പോലീസ് സ്റ്റേഷനുകളിലേക്കും പട്രോളിങ് വാഹനങ്ങളിലേക്കും വയർലെസ് വഴി അടിയന്തര സന്ദേശം കൈമാറുകയും മേഖലയിൽ അന്വേഷണം ഊർജിതമാക്കുകയും ചെയ്തു.പ്രദേശവാസികളായ മൂന്നു പേർക്കൊപ്പം അന്വേഷണത്തിനിറങ്ങിയ ഈരാറ്റുപേട്ട സ്‌പെഷ്യൽ ബ്രാഞ്ച് ഫീൽഡ് ഓഫീസർ സി.പി.ഒ. ശിഹാബാണ് കുട്ടിയെ കണ്ടെത്തുന്നതിൽ നിർണായക പങ്കുവഹിച്ചത്. സ്ഥലപരിചയമില്ലാത്ത കുട്ടി വീടിന് സമീപത്തുനിന്ന് അധികം ദൂരത്തേക്ക് പോകാൻ സാധ്യതയില്ലെന്നും, സമീപത്തെ കുറ്റിക്കാടുകളിൽ ഉണ്ടാകാമെന്നുമുള്ള അദ്ദേഹത്തിന്റെ നിഗമനമാണ് തിരച്ചിലിൽ വഴിത്തിരിവായത്.

തുടർന്ന് നടത്തിയ പരിശോധനയിൽ വൈകുന്നേരം 3:30-ഓടെ അമ്മയുടെ തറവാട്ടുവീട്ടിൽനിന്ന് ഏകദേശം 300 മീറ്റർ അകലെയുള്ള കുറ്റിക്കാട്ടിൽ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. കുട്ടി പൂർണ ആരോഗ്യവാനാണെന്ന് പോലീസ് അറിയിച്ചു.