
തിരുവനന്തപുരം : ആര്യനാട് പൊലീസ് സ്റ്റേഷനിൽ മദ്യപിച്ചെത്തി അതിക്രമം കാണിച്ച യുവാവ് സിഐയെ ഇരുമ്പ് കസേര കൊണ്ട് തലയ്ക്കടിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആര്യനാട് സിഐയെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ആര്യനാട് സ്വദേശി യദുകൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മദ്യക്കുപ്പിയുമായാണ് പ്രതി യദുകൃഷ്ണൻ സ്റ്റേഷനിലേക്ക് കയറിവന്നത്. അവിടെയുണ്ടായിരുന്ന പൊലീസുകാരോട് മോശമായി പെരുമാറുകയും സ്റ്റേഷനകത്ത് വെച്ച് മദ്യക്കുപ്പി പൊട്ടിക്കുകയും ചെയ്തു. ഇയാളെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ പ്രതി തൊട്ടടുത്ത ആശുപത്രിയിലേക്ക് ഓടിക്കയറി.
പിന്നാലെ എത്തിയ സിഐയെ ഇരുമ്പ് കസേര കൊണ്ട് തലക്കടിച്ചു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, വധശ്രമം, പൊലീസ് സ്റ്റേഷൻ ആക്രമിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.