
തിരുവനന്തപുരം: വാഴക്കുലയ്ക്കുള്ളിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്തിയ കേസിൽ അറസ്റ്റിലായ ധനേഷ് എസ്. നായർക്ക് നൽകിയ മികച്ച കർഷകനുള്ള പുരസ്കാരം പിൻവലിക്കാൻ സർക്കാർ നടപടി തുടങ്ങി. കൃഷി മന്ത്രി പി. പ്രസാദാണ് ഇക്കാര്യം അറിയിച്ചത്.
സംഭവത്തെക്കുറിച്ച് വിവരമറിഞ്ഞ ഉടൻ കൃഷിവകുപ്പ് ഡയറക്ടറുമായി സംസാരിച്ചെന്നും കർഷകന്റെ പശ്ചാത്തലം ഉൾപ്പെടെ വിശദമായി പരിശോധിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇതുസംബന്ധിച്ച റിപ്പോർട്ട് ലഭിച്ചാലുടൻ തുടർനടപടികൾ സ്വീകരിക്കും.
ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ ധനേഷ് എസ്. നായരെ ആലുവയിലെ ലോഡ്ജിൽ നിന്ന് 800 ഗ്രാമിലധികം ഹാഷിഷ് ഓയിലും 8 ഗ്രാം എം.ഡി.എം.എയുമായി പോലീസ് പിടികൂടിയിരുന്നു. വാഴക്കുലകൾക്കുള്ളിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കള്ളക്കടത്ത് നടത്തിയെന്നതാണ് ഇയാൾക്കെതിരെയുള്ള കേസ്.
കർഷകരുടെ മനസ്സ് മണ്ണിന്റെ ജൈവഗന്ധത്തിലും കഠിനാധ്വാനത്തിലൂടെ അവർ ചൊരിയുന്ന വിയർപ്പിലുമാണ് വേരൂന്നിയതെന്നും, എന്നാൽ ഇയാൾ ചെയ്തത് മുഴുവൻ കർഷക സമൂഹത്തിനും നേരെയുള്ള അപമാനമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇത്തരം സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ ഒരു സാഹചര്യത്തിലും വെച്ചുപൊറുപ്പിക്കില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.