
ജമ്മു: ജന്മദിനാഘോഷത്തിനിടെ മുഖത്ത് കേക്ക് തേച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. ജമ്മുവിലെ ലോവർ രൂപ് നഗറിന് സമീപം വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. സുഹൃത്തുക്കൾക്കൊപ്പം പിറന്നാൾ ആഘോഷിക്കുന്നതിനിടെ പവൻ നായർ എന്ന സമീർ (35) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തായ നീരജ് (അൻഷു), ഇയാളുടെ സഹോദരൻ റിഷു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാത്രി ലോവർ രൂപ് നഗറിലെ വഴിയോരത്തുവെച്ച് നീരജും സഹോദരൻ റിഷുവും സുഹൃത്തുക്കളും ചേർന്ന് പിറന്നാൾ ആഘോഷിക്കുകയായിരുന്നു. കേക്ക് മുറിക്കുന്നതിനിടെ പവൻ നായർ നീരജിന്റെ മുഖത്ത് കേക്ക് തേച്ചു. ഇതിൽ പ്രകോപിതനായ നീരജ് പവനുമായി രൂക്ഷമായ വാക്കുതർക്കത്തിലേർപ്പെട്ടു.ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ഇരുവരെയും ശാന്തരാക്കാൻ ശ്രമിച്ചെങ്കിലും പ്രകോപിതനായ നീരജ് കടുത്ത ദേഷ്യത്തിലായിരുന്നു.
തർക്കത്തിന് പിന്നാലെ നീരജ് കൈയിൽ കരുതിയിരുന്ന ‘ഖുഖ്രി’ എന്ന മൂർച്ചയുള്ള ആയുധമെടുത്ത് പവന്റെ കഴുത്തിന് വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പവൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. കേസിൽ തുടരന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.