Banner Ads

അൽഫാമിന്റെ അളവ് കുറഞ്ഞതിനെ ചൊല്ലി മൂന്നാറിൽ തർക്കം: ഹോട്ടൽ ജീവനക്കാർക്ക് മർദ്ദനം, 3 വിനോദസഞ്ചാരികൾ അറസ്റ്റിൽ

മൂന്നാർ: ഓർഡർ ചെയ്ത അൽഫാമിന്റെ അളവ് കുറഞ്ഞതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് മൂന്നാറിൽ ഹോട്ടൽ ജീവനക്കാർക്ക് വിനോദസഞ്ചാരികളുടെ ക്രൂരമർദ്ദനം. സംഭവത്തിൽ മൂന്ന് ഹോട്ടൽ ജീവനക്കാർക്ക് പരുക്കേറ്റു. ആക്രമണം അഴിച്ചുവിട്ട പാലക്കാട് സ്വദേശികളായ മൂന്ന് വിനോദസഞ്ചാരികളെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ പിന്നീട് റിമാൻഡ് ചെയ്തു.

അടിമാലി ജെന്ന റെസിഡൻസി സൂപ്പർവൈസർ മന്നാങ്കാല ചെറിയാനിക്കൽ നിഷാദ് (44), ജീവനക്കാരായ ചെറുതോണി സ്വദേശി അനന്ദു (27), അതിഥിത്തൊഴിലാളി മുർഷിദുൽ ഇസ്ലാം (25) എന്നിവർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. സാരമായി പരുക്കേറ്റ നിഷാദ് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് ഒറ്റപ്പാലം സ്വദേശി അരുൺ സോമൻ (24), ലക്കിടി സ്വദേശി അലി അക്ബർ (19), പാലപ്പുറം സ്വദേശി മുഹമ്മദ് റിസാൻ (19) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.തിങ്കളാഴ്ച രാത്രി 12 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം.

മൂന്നാർ സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന 22 അംഗ സംഘമാണ് ഭക്ഷണം കഴിക്കാനായി അടിമാലിയിലെ ജെന്ന റെസിഡൻസിയിൽ എത്തിയത്. ടൂർ പാക്കേജ് ഏജൻസി വഴിയാണ് ഇവർക്കായി മുൻകൂട്ടി അൽഫാം ഉൾപ്പെടെയുള്ള ഭക്ഷണങ്ങൾ ഓർഡർ ചെയ്തിരുന്നത്.എന്നാൽ വിളമ്പിയ ഭക്ഷണത്തിന് അളവ് കുറവാണെന്ന് ആരോപിച്ച് വിനോദസഞ്ചാരികൾ രംഗത്തെത്തി. ഇവർ ടൂർ ഏജൻസിയുമായി ഫോണിൽ തർക്കിക്കുന്നതിനിടെ ഹോട്ടൽ ജീവനക്കാർ വിഷയത്തിൽ ഇടപെടുകയായിരുന്നു. തുടർന്ന് ഭക്ഷണത്തിന്റെ ബില്ല് തുക അടയ്ക്കുന്നതിനെച്ചൊല്ലി തർക്കം രൂക്ഷമാവുകയും, വിനോദസഞ്ചാരികൾ ഹോട്ടൽ ജീവനക്കാരെ ആക്രമിക്കുകയുമായിരുന്നു.