
പാലക്കാട്/തൃശൂർ: സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടരുന്ന പശ്ചാത്തലത്തിൽ പാലക്കാട്ട് ഡെങ്കിപ്പനി മരണവും തൃശൂരിൽ ഷിഗെല്ല ബാധയും റിപ്പോർട്ട് ചെയ്തു. പാലക്കാട് കരിമ്പുഴ പഞ്ചായത്തിലെ പൊമ്പ്ര അമ്പലംപാടം കന്നിച്ചാലിൽ മറിയ (62) ആണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. പനിയെ തുടർന്ന് ഇന്നലെ ഇവരെ മണ്ണാർക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം, തൃശൂർ ജില്ലയിൽ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. വടക്കാഞ്ചേരി മംഗലം സ്വദേശികളായ ഏഴും നാലും വയസ്സുള്ള രണ്ട് കുട്ടികൾക്കാണ് രോഗം ബാധിച്ചത്. അവധി ആഘോഷിക്കാൻ തമിഴ്‌നാട്ടിലെ അമ്മവീട്ടിൽ പോയി മടങ്ങിവന്ന കുട്ടികളിലാണ് രോഗലക്ഷണങ്ങൾ കണ്ടത്. ഇരുവരും നിലവിൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യപ്രവർത്തകർ പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.