Banner Ads

പയ്യന്നൂരിൽ ഒന്നര വയസുകാരന്റെ മരണം: അനസ്തീഷ്യ നൽകേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കുട്ടിക്ക് അനസ്തീഷ്യ നൽകേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ സൂചന. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ഡോക്ടർമാരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. രണ്ട് ദിവസത്തിനകം ഡോക്ടർമാർ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബേബി മെമ്മോറിയൽ ആശുപത്രി മാനേജ്‌മെന്റിന് പോലീസ് നിർദേശം നൽകി.

കുട്ടിക്ക് അനസ്തീഷ്യ നൽകിയ ഡോക്ടർക്ക് പുറമെ, പീഡിയാട്രീഷ്യൻ, പ്ലാസ്റ്റിക് സർജൻ എന്നിവരെയാണ് ചോദ്യം ചെയ്യുക. നിലവിൽ ഈ മൂന്ന് ഡോക്ടർമാരുടെയും ഫോണുകൾ സ്വിച്ച് ഓഫാണെന്ന് പോലീസ് അറിയിച്ചു. കുട്ടിയുടെ ചികിത്സാ രേഖകൾ മെഡിക്കൽ ബോർഡ് വിശദമായി പരിശോധിച്ച ശേഷമായിരിക്കും മറ്റ് തുടർനടപടികളിലേക്ക് കടക്കുക. പയ്യന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.കഴിഞ്ഞ ഞായറാഴ്ചയാണ് പയ്യന്നൂർ സ്വദേശികളായ സൂരജിന്റെയും വിജിഷയുടെയും ഏക മകൻ ദേവാൻഷ് ശൗര്യക്ക് കളിക്കുന്നതിനിടെ വീണ് പരിക്കേറ്റത്.

ചുണ്ടിലും താടിയിലുമുണ്ടായ മുറിവിന് തുന്നലിടാനായി പയ്യന്നൂർ ബി.എം.എച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന്, അനസ്തീഷ്യ നൽകിയതിന് പിന്നാലെ ഗുരുതരാവസ്ഥയിലാകുകയായിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂർ ബി.എം.എച്ചിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച രാത്രിയോടെ കുഞ്ഞ് മരണത്തിന് കീഴടങ്ങി. സംഭവത്തിൽ പയ്യന്നൂർ ബി.എം.എച്ച് ആശുപത്രിയിലെ ഡോക്ടർ അഞ്ജലി പൊതുവാളിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ ചികിത്സാപ്പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.