
തമിഴ്നാട്: വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന അഞ്ചുവയസ്സുകാരിക്ക് വൈദ്യുതാഘാതമേറ്റ് ദാരുണാന്ത്യം. തമിഴ്നാട് നത്തമേട് സ്വദേശിനി നവ്യയാണ് മരിച്ചത്. വീടിനടുത്തുള്ള തെങ്ങിൻതോപ്പിൽ നിന്ന് തെങ്ങ് മുറിക്കുന്നതിനിടെ വൈദ്യുതി പോസ്റ്റിലേക്ക് മറിഞ്ഞുവീണതാണ് അപകടകാരണം.
ഇത് ശ്രദ്ധയിൽപ്പെടാതെ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന നവ്യ വൈദ്യുതി ലൈനിൽ സ്പർശിച്ചതോടെയാണ് ഷോക്കേറ്റത്.തെങ്ങ് മുറിക്കുന്നതിലെ അശ്രദ്ധയും, വൈദ്യുതി പോസ്റ്റ് വീണപ്പോൾ വിവരം അറിയിക്കാത്തതുമാണ് ഈ ദാരുണ സംഭവത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ സംഘടിച്ചതോടെ പോലീസ് സ്ഥലത്തെത്തി.