Banner Ads

മീൻ വറുത്തതിൽ ചത്ത അട്ട! തിരുവനന്തപുരത്തെ കന്റോൺമെന്റ് പോലീസ് കാന്റീൻ കോർപ്പറേഷൻ പൂട്ടിച്ചു

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ നിരവധി പോലീസ് ഉദ്യോഗസ്ഥരുടെ പ്രധാന ഭക്ഷണാശ്രയമായ കന്റോൺമെന്റ് പോലീസ് സ്റ്റേഷൻ കാന്റീൻ കോർപ്പറേഷൻ അധികൃതർ അടപ്പിച്ചു. ഊണിനൊപ്പം നൽകിയ മീൻ വറുത്തതിൽ നിന്ന് ചത്ത അട്ടയെ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സെക്രട്ടേറിയറ്റിന് തൊട്ടടുത്തുള്ള ഈ കാന്റീനിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്.ഭക്ഷണം കഴിക്കുന്നതിനിടെ മീനിൽ അട്ടയെ കണ്ട പോലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തെ വിവരമറിയിക്കുകയായിരുന്നു.

തുടർന്നflat നടത്തിയ പരിശോധനയിലാണ് കാന്റീനെതിരെ അടിയന്തര നടപടിയുണ്ടായത്.പോലീസുകാരുടെ പരാതിയെ തുടർന്ന് സ്ഥലത്തെത്തിയ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ പരിശോധനയിൽ കാന്റീൻ പ്രവർത്തിച്ചിരുന്നത് അതീവ വൃത്തിഹീനമായ സാഹചര്യത്തിലാണെന്ന് കണ്ടെത്തി.കാന്റീൻ അടിയന്തരമായി പൂട്ടാൻ നിർദേശിച്ച കോർപ്പറേഷൻ, ഇതിന്റെ ലൈസൻസികളോടും നടത്തിപ്പുകാരോടും ഓഫീസിൽ നേരിട്ട് ഹാജരാകാൻ ഉത്തരവിട്ടിട്ടുണ്ട്.

വർഷങ്ങൾക്ക് മുൻപും സമാനമായ രീതിയിൽ മോശം സാഹചര്യത്തിൽ പ്രവർത്തിച്ചതിനെ തുടർന്ന് ഈ കാന്റീൻ പൂട്ടിച്ചിരുന്നു. പിന്നീട് പുതിയ കരാറുകാരെ വെച്ചാണ് കാന്റീൻ വീണ്ടും തുറന്നത്.കന്റോൺമെന്റ് സ്റ്റേഷനിലെ സ്ഥിരം ജീവനക്കാർ മിക്കവരും വീട്ടിൽ നിന്ന് ഭക്ഷണം കരുതാറാണ് പതിവ്. എന്നാൽ സെക്രട്ടേറിയറ്റ് പരിസരത്ത് സമര ഡ്യൂട്ടിക്കും മറ്റുമായി വിവിധ ക്യാമ്പുകളിൽ നിന്ന് എത്തുന്ന നൂറുകണക്കിന് പോലീസുകാരാണ് ഈ കാന്റീനെ പ്രധാനമായും ആശ്രയിച്ചിരുന്നത്.

“ഇവിടുത്തെ ഭക്ഷണത്തിന്റെ ഗുണനിലവാരമില്ലായ്മയെക്കുറിച്ച് മുൻപും പോലീസുകാർക്കിടയിൽ വ്യാപക പരാതിയുണ്ടായിരുന്നു. എന്നാൽ ഡ്യൂട്ടിക്കിടയിൽ മറ്റ് മാർഗ്ഗങ്ങളില്ലാത്തതിനാലാണ് പലരും ഇത് സഹിച്ചിരുന്നത്. ഒടുവിൽ സ്റ്റേഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന് തന്നെ പാർസൽ ഭക്ഷണത്തിൽ നിന്ന് അട്ടയെ കിട്ടിയതോടെയാണ് ജീവനക്കാർ ഒന്നിച്ച് പ്രതികരിച്ചത്.” – ഒരു പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.