
കൊച്ചി: കാലടി പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്ത ടാക്സി ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ സബ് ഇൻസ്പെക്ടർ ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ. എസ്.ഐ അജ്മൽ, പൊലീസുകാരായ ധനേഷ്, രജിത്, നിസാർ എന്നിവർക്കെതിരെയാണ് റേഞ്ച് ഡി.ഐ.ജി നടപടിയെടുത്തത്. എറണാകുളം റൂറൽ എസ്.പി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ശ്രീമൂലനഗരം സ്വദേശിയും ടാക്സി ഡ്രൈവറുമായ സുജിത് ജയന്റെ പരാതിയിലാണ് പോലീസുകാർക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്. അടിപിടിക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനെന്ന പേരിൽ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ക്യാമറയില്ലാത്ത മുറിയിലിട്ട് ക്രൂരമായി മർദ്ദിച്ചെന്നാണ് സുജിതിന്റെ പരാതി.
ജനനേന്ദ്രിയത്തിൽ ഇടിക്കുകയും അസഭ്യം പറയുകയും ചെയ്തതായും പരാതിയിൽ പറയുന്നു.സംഭവം വിവാദമായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസുകാരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്നാണ് ഡി.ഐ.ജി സസ്പെൻഷൻ ഉത്തരവിറക്കിയത്.