
ആലപ്പുഴ: സംസ്ഥാനത്തെ പവർകട്ടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ വിമർശിച്ച് വീഡിയോ പങ്കുവെച്ച പി.ഡി.പി പ്രവർത്തകന്റെ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ സ്വദേശിയായ അഹമ്മദ് കബീറിന്റെ ഫോണാണ് ആലപ്പുഴ സൗത്ത് പോലീസ് പിടിച്ചെടുത്തത്.
പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ ഈ നടപടി. സംഭവത്തിൽ നിലവിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും, ലഭിച്ച പരാതിയിൻമേൽ പ്രാഥമിക പരിശോധന നടത്തുന്നതിനായി മാത്രമാണ് ഫോൺ കസ്റ്റഡിയിലെടുത്തതെന്നുമാണ് പോലീസിന്റെ വിശദീകരണം.