
കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പരാമർശത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തിയ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി സമസ്ത മുഖപത്രമായ ‘സുപ്രഭാതം’. ‘മര്യാദയ്ക്ക് സംസാരിക്കണം’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലൂടെയാണ് വി.ഡി. സതീശന്റെ നിലപാടുകൾക്കെതിരെ മുഖപത്രം ആഞ്ഞടിച്ചിരിക്കുന്നത്.
മുസ്ലിം പിന്തുണയുള്ള നേതാവെന്ന പ്രതിച്ഛായ മാറ്റിയെടുക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളുടെ ഭാഗമാണ് കാന്തപുരത്തിനെതിരെയുള്ള പ്രസ്താവനയെന്ന് എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നു. വിഷയത്തിൽ സതീശൻ സ്വീകരിച്ച നിലപാട് ‘കുരുടൻ ആനയെ തൊട്ടതുപോലെ’ മാത്രമാണെന്ന് വിശേഷിപ്പിച്ച ലേഖനം, മുൻകാലങ്ങളിൽ അദ്ദേഹം സ്വീകരിച്ച രാഷ്ട്രീയ നിലപാടുകളെയും ഓർമ്മിപ്പിക്കുന്നുണ്ട്.
ശബരിമല യുവതി പ്രവേശനത്തെ ശക്തമായി എതിർത്ത രാഷ്ട്രീയ നേതാവാണ് വി.ഡി. സതീശനെന്നും, എന്നാൽ ഇന്ന് സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലനാകുന്നത് ഇരട്ടത്താപ്പാണെന്നും മുഖപത്രം ചൂണ്ടിക്കാണിക്കുന്നു. മതവിശ്വാസികളുടെ ഇടയിൽ സ്വന്തം ആശയങ്ങൾ സംസാരിക്കാൻ കാന്തപുരത്തിന് സ്വാതന്ത്ര്യമുണ്ടെന്നും, വി.ഡി. സതീശന്റെ വിമർശനം വിഷയത്തിന്റെ യാഥാർത്ഥ്യം മനസ്സിലാക്കാതെയാണെന്നും എഡിറ്റോറിയൽ വ്യക്തമാക്കുന്നു.