
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും മന്ത്രിമാർക്കുമെതിരെ അതിരൂക്ഷമായ വിമർശനം. പിണറായി വിജയന്റെ ധാർഷ്ട്യവും സാധാരണക്കാർക്ക് ഉൾക്കൊള്ളാൻ കഴിയാത്ത ശരീരഭാഷയുമാണ് പാർട്ടിക്ക് തിരിച്ചടിയായതെന്ന് നേതാക്കൾ യോഗത്തിൽ തുറന്നടിച്ചു.
മുഖ്യമന്ത്രിയുടെ പെരുമാറ്റവും പാർട്ടിയിലെ പ്രത്യേക ആനുകൂല്യങ്ങളും ചോദ്യം ചെയ്തുകൊണ്ടായിരുന്നു യോഗത്തിൽ വിമർശനങ്ങൾ ഉയർന്നത്.വീട്ടിൽ പോയി പറയാൻ പറയുക’ തുടങ്ങിയ പ്രതികരണങ്ങൾക്ക് പൊതുസമൂഹത്തിൽ വലിയ തെറ്റായ സന്ദേശമാണ് നൽകിയത്. ഒരു വനിതാ പാർട്ടി പ്രവർത്തക സെൽഫിയെടുക്കാൻ ശ്രമിച്ചപ്പോൾ പോലും മുഖ്യമന്ത്രി തടഞ്ഞത് വോട്ട് ചോർച്ചയ്ക്ക് കാരണമായി.
സംസ്ഥാന സമിതി അംഗങ്ങളെപ്പോലും പ്രായപരിധി ചൂണ്ടിക്കാട്ടി മത്സരരംഗത്തുനിന്ന് ഒഴിവാക്കിയപ്പോൾ പിണറായി വിജയന് മാത്രം എന്തിനാണ് ഇളവ് നൽകിയതെന്ന് നേതാക്കൾ ചോദിച്ചു.തോൽവിക്ക് ശേഷവും പിണറായിയെ പ്രതിപക്ഷ നേതാവാക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വിമർശനമുയർന്നു. എന്നാൽ, സീനിയറായി വേറെ ആരുമില്ലെന്നും പിണറായിയല്ലാതെ മറ്റാരെ ആക്കുമെന്നുമായിരുന്നു ഇതിന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നൽകിയ വിശദീകരണം.