
കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ ഇടതുമുന്നണിക്ക് വലിയ വിജയമുണ്ടാകുമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം. സംസ്ഥാനത്താകെ 90ലധികം സീറ്റുകൾ നേടി എൽഡിഎഫ് അധികാരം നിലനിർത്തുമെന്ന് എളമരം കരീം മാധ്യമങ്ങളോട് പറഞ്ഞു. കോഴിക്കോട് ജില്ലയിൽ പാർട്ടിയുടെ പ്രകടനം മോശമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പേരാമ്പ്ര മണ്ഡലത്തിലെ വിജയത്തെക്കുറിച്ച് ആശങ്കയില്ല. ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രചാരണത്തിൽ വലിയ ഓളം ഉണ്ടാക്കിയെങ്കിലും അത് ജനസ്വാധീനമായി മാറിയിട്ടില്ലെന്നും എളമരം കരീം പറഞ്ഞു. അമ്പലപ്പുഴയിൽ ശക്തമായ മത്സരമാണ് നടന്നതെന്നും അടിയൊഴുക്കുകൾ ഉണ്ടായോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ജയിക്കുമെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ. എന്നാൽ പേരാമ്പ്രയിലെ ആത്മവിശ്വാസം അമ്പലപ്പുഴയുടെ കാര്യത്തിലുണ്ടോ എന്ന ചോദ്യത്തിന് ചിരി മാത്രമായിരുന്നു മറുപടി. ഷൊർണൂരിൽ പികെ ശശി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും എളമരം കരീം പറഞ്ഞു.