
കണ്ണൂർ: സി.പി.ഐ.എമ്മിന്റെ ഉരുക്കുകോട്ടകളെന്ന് അറിയപ്പെടുന്ന പ്രദേശങ്ങളിൽ പോലും പാർട്ടിക്ക് വലിയ തോതിലുള്ള പരാജയമാണ് ഇത്തവണ ഉണ്ടായിരിക്കുന്നതെന്ന് കണ്ണൂർ ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്. കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്തും, മുൻ മന്ത്രി കെ.കെ. ശൈലജയുടെ മണ്ഡലമായ മട്ടന്നൂരിലും സി.പി.ഐ.എമ്മിന്റെ ഭൂരിപക്ഷത്തിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പാർട്ടി ഗ്രാമങ്ങൾ എന്ന് അവകാശപ്പെടുന്ന സ്ഥലങ്ങളിൽ പോലും ജനങ്ങൾ എൽ.ഡി.എഫിനെ കൈവിട്ട കാഴ്ചയാണ് കാണുന്നത്.അഹങ്കാരവും ധിക്കാരവും കൈവെടിഞ്ഞ് തെറ്റ് തിരുത്തി ജനപക്ഷത്ത് നിന്ന് പ്രവർത്തിക്കാൻ സി.പി.ഐ.എം നേതൃത്വം തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.”ജനങ്ങളുടെ വികാരം മനസ്സിലാക്കുന്നതിൽ സി.പി.ഐ.എം പരാജയപ്പെട്ടു. വരാനിരിക്കുന്ന ദിവസങ്ങളിൽ ഈ തിരിച്ചടി പാർട്ടിക്കുള്ളിൽ വലിയ ചർച്ചകൾക്ക് വഴിമരുന്നിടും.” – മാർട്ടിൻ ജോർജ്