
ഇടുക്കി : ദേവികുളം റേഞ്ചിലെ ഗൂഡൻപാറ എസ്റ്റേറ്റിൽ നടന്ന വൻ മരംകൊള്ളയിലും പരിസ്ഥിതി നാശത്തിലും ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഇടപെടൽ.
പാലാ സ്വദേശികളായ നാലുപേരുടെ കൈവശമുള്ള 450 ഏക്കർ ഏലത്തോട്ടത്തിൽ നിന്നും നിയമവിരുദ്ധമായി തമിഴ്‌നാട് സ്വദേശികൾക്ക് 300 ഏക്കർ ഭൂമി പാട്ടത്തിന് നൽകിയതായി കണ്ടെത്തിയിട്ടുണ്ട്. ഒന്നേകാൽ കോടി രൂപയുടെ ഈ പാട്ടക്കരാർ വെറും 500 രൂപയുടെ മുദ്രപത്രത്തിലാണ് എഴുതി തയ്യാറാക്കിയിരിക്കുന്നത്.
ഇതിലൂടെ ലക്ഷക്കണക്കിന് രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിപ്പാണ് നടത്തിയതെന്ന് വനംവകുപ്പിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഏലപ്പട്ടയ ഭൂമിയിലെ മരങ്ങൾ മുറിച്ചു മാറ്റാൻ നിയമപരമായി അനുമതിയില്ലാതിരുന്നിട്ടും വൻതോതിലുള്ള മരം കൊള്ളയാണ് നടന്നത്.
കഴിഞ്ഞ ഒന്നര വർഷത്തിനിടെ ഇരുനൂറോളം മരങ്ങളാണ് ഈ പ്രദേശത്തുനിന്ന് അനധികൃതമായി മുറിച്ചുമാറ്റിയത്. മൂന്ന് തവണകളായി നടന്ന കൊള്ളയിൽ ഈ വർഷം മാത്രം 35 മരങ്ങൾ മുറിക്കുകയും 75 മരങ്ങളുടെ വേരുകൾ നശിപ്പിക്കുകയും ചെയ്തു.
ഇതിനുപുറമേ പ്രദേശത്തെ സ്വാഭാവിക നീരോഴുക്ക് തടസ്സപ്പെടുത്തിക്കൊണ്ട് വൻതോതിൽ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് ഒരു കൃത്രിമ കുളവും നിർമിച്ചിട്ടുണ്ട്. സംഭവത്തിൽ വനംവകുപ്പ് ദേവികുളം സബ് കളക്ടർക്ക് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു.
ഒളിവിൽ കഴിയുന്ന തമിഴ്‌നാട് സ്വദേശികളായ പ്രതികൾക്കായി വനംവകുപ്പും പൊലീസും തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.