
മുൻ കർണാടക രഞ്ജി ട്രോഫി ക്രിക്കറ്റ് താരം എസ്.എൽ അക്ഷയ് (39) അന്തരിച്ചു. ബെംഗളൂരുവിൽ ലോക്കൽ ഡിവിഷൻ ക്രിക്കറ്റ് മത്സരം കളിക്കുന്നതിനിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.ഞായറാഴ്ച ഉച്ചയ്ക്ക് കെ.ആർ പുരത്തെ ഗ്രൗണ്ടിൽ തേർഡ് ഡിവിഷൻ മത്സരം കളിക്കുന്നതിനിടെയാണ് സംഭവം. ഫീൽഡ് ചെയ്തുകൊണ്ടിരിക്കെ അക്ഷയ്ക്ക് പെട്ടെന്ന് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു.
ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.ശിവമൊഗ്ഗ സ്വദേശിയായ അക്ഷയ് രഞ്ജി ട്രോഫിയിൽ കർണാടക സംസ്ഥാന ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.കർണാടക പ്രീമിയർ ലീഗിലും (നിലവിലെ മഹാരാജ ട്രോഫി കെഎസ്സിഎ ടി20) സജീവ സാന്നിധ്യമായിരുന്നു.
മുപ്പത്തിയൊൻപതാം വയസ്സിൽ കളിക്കളത്തിൽ വെച്ചുള്ള അക്ഷയ്യുടെ അപ്രതീക്ഷിത വിയോഗം കർണാടക ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. നിരവധി മുൻ കളിക്കാരും കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (KSCA) ഭാരവാഹികളും അദ്ദേഹത്തിന്റെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു.