Banner Ads

യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ക്ഷേമ പെൻഷൻ വിതരണം ചെയ്തതായി പരാതി; സിപിഐഎം പ്രതിഷേധത്തിൽ

പുൽപറ്റ: മലപ്പുറം പുൽപറ്റ പഞ്ചായത്തിലെ കാരപറമ്പിൽ ചട്ടങ്ങൾ ലംഘിച്ച് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വെച്ച് ക്ഷേമ പെൻഷൻ വിതരണം നടത്തിയതായി പരാതി. സംഭവത്തിൽ വ്യാപക പ്രതിഷേധവുമായി സിപിഐഎം രംഗത്തെത്തി. പെൻഷൻ ഗുണഭോക്താക്കളെ യുഡിഎഫ് ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് പണം നൽകിയതെന്നും, പെൻഷൻ വിതരണം പുൽപറ്റ പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യത്തിലായിരുന്നുവെന്നും സിപിഐഎം ആരോപിക്കുന്നു.

ഇന്ന് വൈകുന്നേരത്തോടെയാണ് വിവാദത്തിനാസ്പദമായ സംഭവം നടന്നത്. പുൽപറ്റ പഞ്ചായത്തിലെ പ്രാദേശിക വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ഇന്ന് പെൻഷൻ വിതരണം ഉണ്ടാകുമെന്നും അർഹരായവർ കാരപറമ്പിലെ കേന്ദ്രത്തിൽ എത്തണമെന്നും സന്ദേശം പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവിടെ ആളുകൾ തടിച്ചുകൂടിയതും പെൻഷൻ വിതരണം നടന്നതും. സംഭവം വിവാദമായതോടെ ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.പ്രദേശത്ത് പെൻഷൻ വിതരണം ചെയ്യാനുള്ള ചുമതല പുൽപറ്റ സർവീസ് സഹകരണ ബാങ്കിനാണ്. എന്നാൽ ആരോപണങ്ങൾ ബാങ്ക് അധികൃതർ നിഷേധിച്ചു.

പെൻഷൻ വിതരണം ചെയ്യാൻ ആദ്യം നിശ്ചയിച്ചിരുന്ന കെട്ടിടത്തിൽ ആവശ്യത്തിന് സ്ഥലസൗകര്യം ഇല്ലാതിരുന്നതിനാലാണ് താൽക്കാലികമായി ഈ കെട്ടിടത്തിലേക്ക് മാറ്റേണ്ടി വന്നതെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. കൂടാതെ, തിരഞ്ഞെടുപ്പ് കഴിഞ്ഞ പശ്ചാത്തലത്തിൽ നിലവിൽ ഈ കെട്ടിടം യുഡിഎഫ് ഓഫീസായിട്ടല്ല പ്രവർത്തിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കുന്നു.എന്നാൽ ഔദ്യോഗിക സംവിധാനങ്ങളെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ദുരുപയോഗം ചെയ്തുവെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഇടതുമുന്നണി.