
പാലക്കാട്: മണ്ണാർക്കാട് നടന്ന അനുമോദന ചടങ്ങിൽ വെച്ച് വിദ്യാർത്ഥികളെ അപമാനിച്ചതായി മുൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീലിനെതിരെ ആരോപണം. മണ്ണാർക്കാട് നഗരസഭയിലെ 19, 20, 22 വാർഡുകളുടെ സംയുക്ത വിജയോത്സവം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് സംഭവം.ചടങ്ങിൽ പങ്കെടുത്ത കുട്ടികളോട് “നിനക്കൊന്നും അക്ഷരമറിയില്ലേ?” എന്ന് കെ.ടി. ജലീൽ പരസ്യമായി ചോദിച്ചതായാണ് പരാതി.
അഡ്രസ് എഴുതിയത് തെറ്റിപ്പോയെന്ന് പറഞ്ഞ് ഒരു കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തുകയും, ആ കുട്ടിയുടെ ചെവിയിൽ നുള്ളുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.മണ്ണാർക്കാട് നഗരസഭയിലെ വിവിധ വാർഡുകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങിലാണ് മുഖ്യാതിഥിയായി പങ്കെടുത്ത മുൻ മന്ത്രിയുടെ ഭാഗത്തുനിന്ന് കുട്ടികളെ മാനസികമായി വിഷമിപ്പിക്കുന്ന രീതിയിലുള്ള പെരുമാറ്റമുണ്ടായതെന്ന് ആരോപണമുയരുന്നത്.