Banner Ads

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പനിയുമായെത്തിയ ഏഴുവയസ്സുകാരന് ചികിത്സ നിഷേധിച്ചതായി പരാതി

ഒറ്റപ്പാലം: പനിയുമായി സർക്കാർ ആശുപത്രിയിൽ എത്തിയ ഏഴ് വയസുകാരന് ചികിത്സ നൽകിയില്ലെന്ന് പരാതിയുമായി രക്ഷിതാക്കൾ രംഗത്ത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിക്ക് എതിരെയാണ് ഗുരുതര ആരോപണം ഉയർന്നിരിക്കുന്നത്. വാണിയംകുളം ചെറുകാട്ടുപുലം സ്വദേശികളായ നിതീഷ്-രേഷ്മ ദമ്പതികളാണ് തങ്ങളുടെ മകന് നേരെ ആശുപത്രി അധികൃതരിൽ നിന്ന് അവഗണനയുണ്ടായതായി പരാതിപ്പെട്ടത്.

വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് ഇവർ കുട്ടിയുമായി ആശുപത്രിയിൽ എത്തിയത്. മുൻപ് ഫിറ്റ്സ് (അപസ്മാരം) വന്നിട്ടുള്ള കുട്ടിയായിരുന്നിട്ടും, ആ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ കുട്ടിയുടെ അവസ്ഥ നേരിട്ട് കണ്ടിട്ടും ശരീരതാപനില പോലും പരിശോധിക്കാൻ തയ്യാറായില്ലെന്ന് മാതാപിതാക്കൾ പറയുന്നു. മുക്കാൽ മണിക്കൂറോളം കാത്തിരുന്നിട്ടും ചികിത്സ ലഭിക്കാതെ വന്നതോടെ, ഒടുവിൽ കുട്ടിയുമായി സ്വകാര്യ ആശുപത്രിയെ സമീപിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷമാണ് കുട്ടിയുടെ പനിയും ഛർദ്ദിയും കുറഞ്ഞതെന്നും, ചികിത്സയ്ക്കായി 4000 രൂപയോളം ചെലവായെന്നും രക്ഷിതാക്കൾ വ്യക്തമാക്കി. സംഭവത്തിൽ ഉടൻ തന്നെ ഔദ്യോഗികമായി പരാതി നൽകുമെന്നും ഇവർ അറിയിച്ചു.

എന്നാൽ, സംഭവത്തിൽ ഇതുവരെ ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലെന്നും എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുകയാണെന്നും ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു. അതേസമയം, കുട്ടിക്ക് നേരത്തെ കാണിച്ച ഡോക്ടറുടെ കുറിപ്പടിയുമായാണ് മാതാപിതാക്കൾ എത്തിയതെന്നും, ആ മരുന്ന് തന്നെ തുടരാൻ താൻ നിർദ്ദേശിക്കുകയാണ് ചെയ്തതെന്നുമാണ് ഡ്യൂട്ടി ഡോക്ടറുടെ വിശദീകരണം.