
കണ്ണൂർ: പാനൂരിൽ കണ്ണൂർ സർവകലാശാലാ ഗസ്റ്റ് അധ്യാപികയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ആൺസുഹൃത്ത് പോലീസിന്റെ പിടിയിലായി. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ മനേക്കര സ്വദേശി ശരണിനെ കണ്ണൂരിലെ വീടിന് സമീപത്ത് നിന്നാണ് പോലീസ് പിടികൂടിയത്. പൊതുസ്ഥലത്തുവെച്ച് ഇയാൾ മർദിച്ചതിലുള്ള മനോവിഷമത്തിലാണ് അധ്യാപിക ജീവനൊടുക്കിയത്.മൊകേരി വള്ളങ്ങാട് സ്വദേശിനിയായ ആദിത്യ കഴിഞ്ഞ ജൂൺ 14-നാണ് വീട്ടിൽ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസമാണ് ആദിത്യ മരണത്തിന് കീഴടങ്ങിയത്.ആദിത്യയും ശരണും ഏറെക്കാലമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു.ഈ മാസം എട്ടാം തീയതി തലശ്ശേരി പഴയ ബസ് സ്റ്റാൻഡിൽ വെച്ച് ശരൺ ആദിത്യയെ പരസ്യമായി ക്രൂരമായി മർദിച്ചിരുന്നു.ശരൺ നിരന്തരം ആദിത്യയെ ഉപദ്രവിച്ചിരുന്നതായും, ആദിത്യയുടെ ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ടായിരുന്നതായും ബന്ധുവായ വിനോദ് വെളിപ്പെടുത്തി.
പരസ്യമായ മർദനത്തെത്തുടർന്നുണ്ടായ കടുത്ത മാനസികവിഷമമാണ് ആദിത്യയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന കുടുംബത്തിന്റെ പരാതിയിൽ പാനൂർ പോലീസ് ശക്തമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പോലീസ് അതിവേഗം വലയിലാക്കിയത്.