Banner Ads

മുഖ്യമന്ത്രി പോര് ഡൽഹിയിലേക്ക്: നേതാക്കളെ വിളിപ്പിച്ച് ഹൈക്കമാൻഡ്; കേരളത്തിൽ നിർണ്ണായക നീക്കം.

തിരുവനന്തപുരം:കേരളത്തിന്റെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായുള്ള ചർച്ചകൾ അവസാനഘട്ടത്തിലേക്ക്. മുഖ്യമന്ത്രി പദത്തിനായി ശക്തമായ അവകാശവാദമുന്നയിക്കുന്ന നേതാക്കളോട് അടിയന്തരമായി ഡൽഹിയിലെത്താൻ ഹൈക്കമാൻഡ് നിർദ്ദേശം നൽകി. വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവർ ഇന്ന് ഡൽഹിക്ക് തിരിക്കും.

കെ.സി. വേണുഗോപാൽ നിലവിൽ ഡൽഹിയിലുണ്ട്. നേതാക്കളെല്ലാം എത്തുന്നതോടെ നാളെ ഹൈക്കമാൻഡുമായി നിർണ്ണായക ചർച്ചകൾ നടക്കും.എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും ഇന്ന് രാവിലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിലെത്തി റിപ്പോർട്ട് കൈമാറി. ഭൂരിഭാഗം എംഎൽഎമാരും കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുന്നു എന്നാണ് നിരീക്ഷകരുടെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.മുഖ്യമന്ത്രിയെ നിശ്ചയിക്കുമ്പോൾ ജനവികാരം കൂടി പരിഗണിക്കണമെന്ന മുതിർന്ന നേതാക്കളുടെ നിലപാടും റിപ്പോർട്ടിൽ ഇടംപിടിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം സങ്കീർണ്ണമാണെന്ന് നിരീക്ഷകർ ഹൈക്കമാൻഡിനെ ധരിപ്പിച്ചു.ഘടകകക്ഷികളുടെ നിലപാടുകൾ കൂടി പരിഗണിച്ച ശേഷമായിരിക്കും അന്തിമ പ്രഖ്യാപനം. ഘടകകക്ഷികളുമായി നേരിട്ട് സംസാരിക്കുമെന്ന് മല്ലികാർജ്ജുൻ ഖർഗെ അറിയിച്ചു. മുഖ്യമന്ത്രി പ്രഖ്യാപനം വൈകില്ലെന്നും റിപ്പോർട്ടിന്മേൽ വിശദമായ ചർച്ചകൾ ഉടൻ നടക്കുമെന്നും അജയ് മാക്കൻ മാധ്യമങ്ങളോട് പ്രതികരിച്ചു.