
തിരുവനന്തപുരം: രാഷ്ട്രീയ വൃത്തങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും വലിയ ചർച്ചയായ ‘ജാതിപ്പേര്’ വിവാദത്തിൽ നിയമസഭയിലും നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ, അച്ഛന്റെ മുഴുവൻ പേരും ചേർത്താണ് അദ്ദേഹം സത്യവാചകം ചൊല്ലിയത്. ‘വടശ്ശേരി ദാമോദര മേനോൻ സതീശൻ എന്ന ഞാൻ…’ എന്ന് അദ്ദേഹം സഭയിൽ ഉറപ്പിച്ചു പറഞ്ഞു.
നേരത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വേളയിൽ ‘മേനോൻ’ എന്ന ജാതിപ്പേര് ചേർത്തതിനെതിരെ സ്വന്തം പാർട്ടിയിൽ നിന്നും സാമൂഹ്യമാധ്യമങ്ങളിൽ നിന്നും കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് നിയമസഭയിലും അദ്ദേഹം ഇതേ പേര് തന്നെ ആവർത്തിച്ചത്.കഴിഞ്ഞ നിയമസഭകളിലെ സത്യപ്രതിജ്ഞയുമായി താരതമ്യം ചെയ്താണ് സതീശനെതിരെ വിമർശകർ രംഗത്തെത്തിയത്.
2021-ലെ സത്യപ്രതിജ്ഞ ‘വി.ഡി. സതീശൻ എന്ന ഞാൻ’ എന്ന ലളിതമായ രൂപമാണ് അന്ന് അദ്ദേഹം ഉപയോഗിച്ചിരുന്നത്.മുഖ്യമന്ത്രിയായപ്പോഴുള്ള മാറ്റം എന്നാൽ മുഖ്യമന്ത്രിയായി ചുമതലയേറ്റ ചടങ്ങിൽ ‘വടശ്ശേരി ദാമോദര മേനോൻ സതീശൻ’ എന്ന് അദ്ദേഹം പൂർണ്ണരൂപം ഉപയോഗിക്കുകയായിരുന്നു.മുൻകാലങ്ങളിൽ ഇല്ലാതിരുന്ന ‘സവർണ ജാതിവാൽ’ ഇപ്പോൾ ഉറക്കെ പ്രഖ്യാപിച്ചതും, സത്യപ്രതിജ്ഞാ ചടങ്ങുകളിലെ മതേതര സ്വഭാവത്തിന് വിരുദ്ധമായി ‘വന്ദേഭാരതം’ ആലപിച്ചതുമെല്ലാം അദ്ദേഹത്തിന്റെ മുൻകാല നിലപാടുകളിലെ പൊള്ളത്തരമാണ് വ്യക്തമാക്കുന്നതെന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രധാന വിമർശനം.
വി.ഡി. സതീശന്റെ ഈ നിലപാടിനെതിരെ കോൺഗ്രസ് നേതാക്കൾ തന്നെയാണ് ആദ്യം പരസ്യമായി രംഗത്തുവന്നത് എന്നത് ശ്രദ്ധേയമാണ്.കോൺഗ്രസ് വക്താവായ വി.ആർ. അനൂപും സതീശനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചു. വായനയ്ക്കായി സമയം മാറ്റിവെക്കാറുള്ള മുഖ്യമന്ത്രി, ഡോ. ബി.ആർ. അംബേദ്കറെ വായിക്കാൻ കൂടുതൽ സമയം കണ്ടെത്തണമെന്ന് അദ്ദേഹം കുറിച്ചു. മുൻപ് നടത്തിയ സത്യപ്രതിജ്ഞകളിലൊന്നും ഇല്ലാതിരുന്ന ‘മേനോൻ’ എന്ന പേര് ഇപ്പോൾ എങ്ങനെയാണ് പേരിന്റെ വാലായി കടന്നുകൂടിയതെന്നും അനൂപ് ചോദ്യമുയർത്തി.