
പാലാ : പാലാ നഗരസഭയിൽ ഭരണമാറ്റം. നഗരസഭയുടെ പുതിയ ചെയർപേഴ്‌സണായി സ്വതന്ത്ര കൗൺസിലർ മായാ രാഹുൽ തെരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫിന്റെയും യുഡിഎഫ് വിമതരുടെയും പിന്തുണയോടെയാണ് മായാ രാഹുൽ വിജയിച്ചത്.
യുഡിഎഫ് ഔദ്യോഗിക സ്ഥാനാർത്ഥിയായ റിയ ചീരാംകുഴിയെ പരാജയപ്പെടുത്തിയാണ് മായാ രാഹുൽ ചെയർപേഴ്‌സൺ പദവിയിലെത്തിയത്. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതിനെ തുടർന്നാണ് മുൻ ചെയർപേഴ്‌സണും രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയുമായിരുന്ന ദിയ ബിനു പുളിക്കകണ്ടത്തിന് സ്ഥാനം നഷ്ടമായത്.
ആറുമാസത്തെ ഭരണത്തിന് ശേഷമാണ് ദിയക്ക് പദവി ഒഴിയേണ്ടി വന്നത്. തുടർന്ന് നടന്ന കടുത്ത മത്സരത്തിനൊടുവിലാണ് നഗരസഭയുടെ ഭരണസാരഥ്യം മായാ രാഹുലിലേക്ക് എത്തിയത്. നഗരസഭയുടെ വികസന പ്രവർത്തനങ്ങൾ മുൻഗണന നൽകി മുന്നോട്ട് കൊണ്ടുപോകുമെന്ന് സ്ഥാനമേറ്റ ശേഷം മായാ രാഹുൽ വ്യക്തമാക്കി.