
ചിന്നക്കനാൽ: ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ഭീതി പരത്തുന്ന അക്രമകാരിയായ കാട്ടാന ‘ചക്കകൊമ്പനെ’ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കുന്ന ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാലിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇടുക്കി ജില്ലാ കളക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.ചിന്നക്കനാൽ പഞ്ചായത്തിലെ 1, 2, 9, 10, 11, 12 വാർഡുകളിൽ ബുധനാഴ്ച നിരോധനാജ്ഞ ഏർപ്പെടുത്തി.നാളെ മുതൽ മൂന്ന് ദിവസത്തേക്ക് പ്രദേശത്ത് വിനോദസഞ്ചാരത്തിന് വിലക്കുണ്ട്.
ദൗത്യമേഖലയിൽ സ്വകാര്യ ഡ്രോണുകൾ പറത്തുന്നതും പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്.ചക്കകൊമ്പനെ പിടികൂടുന്നതിനായി വയനാട്ടിൽ നിന്നുള്ള 20 അംഗ ദൗത്യസംഘവും ‘വിക്രം’, ‘ഭരത്’ എന്നീ രണ്ട് കുങ്കിയാനകളും രാവിലെ എട്ടുമണിയോടെ ചിന്നക്കനാലിലെത്തി. വനംവകുപ്പിന്റെ മുൻകാല ദൗത്യങ്ങളിൽ മികവ് തെളിയിച്ചവയാണ് ഈ കുങ്കിയാനകൾ. നാളെ പ്രദേശത്ത് കുങ്കിയാനകൾ പട്രോളിംഗ് നടത്തും. ആനയെ സൗകര്യപ്രദമായ സ്ഥലത്ത് കണ്ടെത്തിയാൽ ബുധനാഴ്ചയോ വ്യാഴാഴ്ചയോ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.
അതേസമയം, ഇന്നും പതിവ് തെറ്റിക്കാതെ ജനവാസ മേഖലയിലിറങ്ങിയ ചക്കകൊമ്പൻ പുലർച്ചെ ബി.എൽ. റാം ചുടുകാട് ഭാഗത്ത് വ്യാപകമായി കൃഷി നശിപ്പിച്ചു. പകൽ മുഴുവൻ ആന ജനവാസ മേഖലയ്ക്ക് സമീപം നിലയുറപ്പിച്ചിരുന്നു. റേഡിയോ കോളർ ഘടിപ്പിച്ച ശേഷം ആനയെ ചിന്നക്കനാലിൽ തന്നെ തിരികെ വിടാനുള്ള വനംവകുപ്പ് തീരുമാനത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്. തീരുമാനത്തിൽ പ്രതിഷേധിച്ച് സി.പി.ഐയുടെ നേതൃത്വത്തിൽ ചിന്നക്കനാലിൽ റോഡ് ഉപരോധിച്ചു.