
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പുതിയ സർജിക്കൽ ബ്ലോക്കിൽ സീലിംഗ് അടർന്നു വീണ് അപകടം. റെറ്റിന പരിശോധനാ മുറിക്ക് സമീപം രോഗികൾ കാത്തിരിക്കുന്ന (വെയ്റ്റിംഗ് ഏരിയ) ഭാഗത്താണ് ഇന്നലെ രാത്രിയോടെ സീലിംഗ് തകർന്നു വീണത്. അപകടസമയത്ത് ആളുകൾ കുറവായിരുന്നതിനാലും, സ്ഥലത്തുണ്ടായിരുന്നവർ തൽക്ഷണം മാറിനിന്നതിനാലും വൻ ദുരന്തം ഒഴിവാവുകയും രോഗികൾ തലനാരിഴയ്ക്ക് രക്ഷപ്പെടുകയും ചെയ്തു.
ദിവസേന നൂറുകണക്കിന് ആളുകൾ കണ്ണുപരിശോധനയ്ക്കായി എത്തുന്ന ഏറെ തിരക്കുള്ള ഭാഗത്താണിത് സംഭവിച്ചിരിക്കുന്നത്.കഴിഞ്ഞ ഫെബ്രുവരിയിൽ അന്നത്തെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത അത്യാധുനിക സർജിക്കൽ ബ്ലോക്കിലാണ് ഈ സുരക്ഷാവീഴ്ചയുണ്ടായിരിക്കുന്നത്. ഉദ്ഘാടനം കഴിഞ്ഞ് കേവലം എട്ട് മാസം തികയുമ്പോഴേക്കും പുതിയ കെട്ടിടത്തിന് ഈ അവസ്ഥ വന്നത് നിർമ്മാണത്തിലെ ഗുണനിലവാരമില്ലായ്മയെക്കുറിച്ചും സുരക്ഷയെക്കുറിച്ചും ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.